ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറിയായി ടി.ജെ ആഞ്ചലോസ് തുടരും. ഹരിപ്പാട് നടന്ന ജില്ല സമ്മേളനത്തില്‍ നാടകീയമായ രംഗങ്ങൾക്കൊടുവിലാണ് സിപിഐ ജില്ല നേതൃത്വത്തെ തെരഞ്ഞെടുത്തത്. നിലവിലെ മാനദണ്ഡ പ്രകാരം ഒരു ടേം കൂടി ആഞ്ചലോസിന് നൽകണമെന്ന് സംസ്ഥാന നേതൃത്വം നിലപാട് എടുത്തതോടെയാണ് ആഞ്ചലോസ് തുടര്‍ച്ചയായി രണ്ടാം തവണയും പാര്‍ട്ടി ജില്ല സെക്രട്ടറിയാകുന്നത്.
വിമത വിഭാഗത്തിൽ നിന്ന് പ്രതിനിധികൾ ജില്ല കൗൺസിലിലേക്ക് മത്സരിക്കാൻ ഒരുങ്ങിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് മത്സരം ഒഴിവാക്കുകയായിരുന്നു. ഇതിന് ശേഷമാണ് നിലവിലെ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ് തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചത്. സംസ്ഥാന നേതൃത്വം യോഗം ചേർന്ന ശേഷം പാനൽ അവതരിപ്പിക്കുകയായിരുന്നു.
57 അംഗ ജില്ല കൗൺസിലിനെ സമ്മേളനം തെരഞ്ഞെടുത്തപ്പോൾ നിലവിലുള്ള 20 പേരെ കൗൺസിലിൽ നിന്ന് ഒഴിവാക്കി. പുതുതായി തിരഞ്ഞെടുത്ത ജില്ല കൗൺസിലിൽ എട്ടു പേർ വനിതകളാണ്. രണ്ട് ജില്ല അസിസ്റ്റന്‍റ് സെക്രട്ടറിമാരെ സംസ്ഥാന സമ്മേളനത്തിന് ശേഷമാവും തിരഞ്ഞെടുക്കുക.
എഐവൈഎഫ് ജില്ല ഭാരവാഹികളായ സനൂപ് കുഞ്ഞുമോൻ, ബൈ രഞ്‌ജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്‍റ് എ ശോഭ, എഐഎസ്‌എഫ് ജില്ല സെക്രട്ടറി അസ്‌ലം ഷാ എന്നിവരെയും വിദ്യാർഥി-യുവജന പരിഗണന നൽകി കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സമ്മേളന പ്രതിനിധികളായി 46 പേരെയാണ് ജില്ലയിൽ നിന്ന് തിരഞ്ഞെടുത്തിട്ടുള്ളത്.
എസ്‌എഫ്‌ഐ രംഗത്ത് കൂടിയാണ് ആഞ്ചലോസ് രാഷ്‌ട്രീയ രംഗത്തേക്ക് എത്തുന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗം, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റ്, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിക്കുന്ന ആഞ്ചലോസ് മുന്‍പ് നിയമസഭാംഗമായും ലോക്‌സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള സര്‍വകലാശാല സെനറ്റ് അംഗം, ഖാദി ബോര്‍ഡ് വൈസ് ചെയർമാന്‍, പ്ലാന്‍റേഷന്‍ കോർപ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
Also read: 'ബിജെപി രാഷ്ട്രീയം കേരളത്തിൽ നടപ്പാക്കരുത്' ; ഗവർണർക്കെതിരെ ആലപ്പുഴ സിപിഐ സമ്മേളനത്തില്‍ പ്രമേയം