ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്‍റെ ധനകാര്യ വകുപ്പ് പ്രഖ്യാപിച്ച സാലറി ചലഞ്ച് നിർബന്ധമാക്കില്ലെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. സാലറി ചലഞ്ച് നിർബന്ധമാക്കേണ്ട ഒന്നല്ല, അത് സ്വമേധയാ നൽകേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മതപത്രമല്ല, വിസമ്മതപത്രമാണ് വേണ്ടത് എന്ന നിലയിൽ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ അതിന് പോലും പോകുന്നില്ല. സാലറി ചലഞ്ച് എന്നത് നിർബന്ധമാക്കാൻ കഴിയുന്ന ഒന്നല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവനക്കാർ സ്വമേധയാ സഹകരിക്കണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ എന്നിരിക്കെ ചിലർ അതിനെതിരെ നിലപാട് സ്വീകരിക്കുന്നു. നിർബന്ധമില്ലെന്ന് സർക്കാർ പറഞ്ഞാലും നിർബന്ധമാണെങ്കിൽ ഞങ്ങൾ സമ്മതിക്കില്ലെന്ന് വാദവുമായി ചിലർ രംഗത്തെത്തുന്നുണ്ട്. അതെന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സാലറി ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് തെറ്റായ സന്ദേശം നൽകാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
അടുത്ത മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.