ആലപ്പുഴ : സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്‍റ (കെഎസ്‌ഡിപി) പുതിയ വികസനപദ്ധതികളുടെ ഭാഗമായി സ്ഥാപിച്ച നോൺ ബീറ്റാലാക്ടം ഇഞ്ചക്ഷന്‍ പ്ലാന്‍റിന്‍റെ ഉദ്‌ഘാടനവും ഈ വർഷം അനുവദിച്ച ഓങ്കോളജി ഫാർമ പാർക്കിന്‍റെ ശിലാസ്ഥാപനവും ഇന്ന് ആലപ്പുഴില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി ജയരാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, കെ.കെ ശൈലജടീച്ചർ, ജി.സുധാകരൻ, പി.തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അഡ്വ.എ.എം ആരീഫ് എം.പി, എംഎൽഎമാരായ സജി ചെറിയാൻ, ആർ.രാജേഷ്, ഷാനിമോൾ ഉസ്മാൻ, യു.പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, പ്ലാനിങ് ബോർഡ് അംഗം ഡോ.ബി.ഇക്ബാൽ എന്നിവരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയൻ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
ഇഞ്ചക്ഷൻ മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്ന ആധുനിക സംവിധാനങ്ങളുള്ള ഏറ്റവും പുതിയ മെഷീനാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്‌തിട്ടുള്ളത്. ഈ മെഷീന്‍ ഓട്ടോമാറ്റിക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്നതാണ്. കാൻസർ ബാധിതരായ സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓങ്കോളജി ഫാർമ പാർക്ക് സ്ഥാപിക്കുന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ 150 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.