ആലപ്പുഴ : തുറന്ന ആശയ സംവാദത്തിന് വേദിയൊരുക്കുന്ന പംപാ സാഹിത്യോത്സവം പത്താം പതിപ്പിലേക്ക്. 2013 മുതല്‍ ചെങ്ങന്നൂരില്‍ നടന്നുവരുന്ന പമ്പ സാഹിത്യോത്സവത്തിന്‍റെ പത്താം പതിപ്പ് ജൂലൈ 24, 25, 26 തീയതികളിലായി ആറാട്ടുപുഴ ഡിചാര്‍ലീസ് റിസോര്‍ട്ടില്‍ നടക്കും.
24 ന് രാവിലെ 11.30ന് പംപാ രക്ഷാധികാരിയായ പി.സി.വിഷ്‌ണുനാഥ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രശസ്‌ത ഒഡീസി നര്‍ത്തകി പത്മശ്രീ ഇല്യാന സിതാരിസ്‌റ്റി ഉദ്ഘാടനം ചെയ്യും. ബെന്യാമിന്‍, മമതാസാഗര്‍ (കന്നട), രഘുനന്ദന (കന്നട), സല്‍മ (തമിഴ്), കനകഹാമ, കൃതി.ആര്‍ (കന്നട), ഡോ.ചാര്‍ളി, കോശി സാമുവേല്‍ (വെണ്‍സെക്), ഡോ.മണക്കാല ഗോപാലകൃഷ്‌ണന്‍, കെ.രാജഗോപാല്‍, നിഥിന്‍ പുതിയിടം തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.
ശാസ്ത്രീയ നൃത്തമാണ് പത്താം സാഹിത്യോത്സവത്തിന്‍റെ മുഖ്യവിഷയം. പ്രശസ്‌ത കന്നട കവിയും നാടക പ്രവർത്തകയുമായ കനകഹാമയുടെ നേതൃത്വത്തിലാണ് സാഹിത്യോത്സവം നടക്കുക. മൂന്ന് ദിവസങ്ങളിലായി വിവിധവിഷയങ്ങളെ സംബന്ധിച്ചുള്ള ആശയ സംവാദങ്ങള്‍, കവിത വായന, കഥാവതരണം, നൃത്താവതരണം, സിനിമ പ്രദര്‍ശനം എന്നിവ നടക്കും.
മാര്‍ക്‌സിന്‍റെ മൂലധനം ഒരു വിശദ വായന, മുദ്രകളുടെ മുഴക്കം, ലിംഗ നീതികള്‍ക്ക് വിരുദ്ധമായ വികസനം, പരിസരവും പരിസ്ഥിതിയും തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചാവിധേയമാകുന്ന സംവാദ വേദിയില്‍ മലയാളത്തില്‍ നിന്ന് സി.പി.ജോണ്‍, സുധ മേനോന്‍, സി.ആര്‍ നീലകണ്‌ഠന്‍, പ്രശാന്ത് നാരായണന്‍ രവി.ഡി.സി, ബെന്യാമിന്‍, അന്‍വര്‍ അലി, വി.എം.ഗിരിജ, കുഴൂര്‍ വില്‍സണ്‍, ബി.മുരളി, മീന പിള്ള, റാം മോഹൻ, ശ്രീകുമാർ, എം.സുചിത്ര, ജെ.എസ് അടൂർ, ആര്‍.രാജശ്രീ, തേര്‍ളി ശേഖര്‍ തുടങ്ങിയവരും വിവിധ ഭാഷകളില്‍ നിന്ന് മമത സാഗര്‍, സുധ അറോറ, രഘുനന്ദന, തമയ ന്തി നിഴല്‍, സല്‍മ, മുകുന്ദറാവു, കുസുമം ത്രിപാഠി, സംയുക്ത വാഹ്, വിദ്യ സൗന്ദര്‍രാജന്‍, മിത്ര വെങ്കിട്ടരാജ്, മഞ്ജുള സുബ്രഹ്മണ്യ, കൃതി.ആര്‍. ശ്രീകാന്ത് എന്‍.വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ജൂണ്‍ 24ന് വൈകിട്ട് പ്രശസ്‌ത കവി അരുന്ധതി സുബ്രഹ്മണ്യവും നര്‍ത്തകി സംയുക്ത വാഗും ചേര്‍ന്നവതരിപ്പിക്കുന്ന കവിത നൃത്തം ജുഗല്‍ബന്ദി നടക്കും. രാത്രി ഇല്യാന സിതാരിസ്‌റ്റി ഒഡിസി നൃത്താവതരണവും 25ന് രാത്രി സിനിമ പ്രദര്‍ശനവും ഉണ്ടാകും. 26ന് രാവിലെ തന്‍റെ പുതിയ ചലച്ചിത്രത്തെ പറ്റി സംവിധായകന്‍ കമല്‍ കെ.എം സംസാരിക്കും. സാഹിത്യോത്സവത്തിന്‍റെ രജിസ്‌ട്രേഷനും അനുബന്ധ കാര്യങ്ങള്‍ക്കും 9331444443, 9497633433 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.