ആലപ്പുഴ: ജില്ലയിലെ 10 സ്വകാര്യ ആശുപത്രികൾ കൊവിഡ് ആശുപത്രികൾ ആക്കാൻ കലക്ടർ ഉത്തരവിട്ടു. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗികൾക്ക് ചികിത്സ സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ചേർത്തല കിൻഡർ വുമൺസ് ഹോസ്പിറ്റൽ ആന്‍റ് ഫെർട്ടിലിറ്റി സെന്‍റർ , ചേർത്തല കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തത്തംപള്ളി സഹൃദയ ആശുപത്രി, തുമ്പോളി പ്രൊവിഡൻസ് ആശുപത്രി, കായംകുളം എബനേസർ ആശുപത്രി, പച്ച ലൂർദ് മാതാ ആശുപത്രി, എടത്വ മഹാ ജൂബിലി മെമ്മോറിയൽ ആശുപത്രി, സെന്‍റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രി അർത്തുങ്കൽ, പൂച്ചാക്കൽ മെഡിക്കൽ സെന്‍റർ, ചെങ്ങന്നൂർ കൊല്ലകടവ് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്നീ സ്വകാര്യ ആശുപത്രികളാണ് ബി, സി വിഭാഗം കൊവിഡ് രോഗികൾക്കായി ജില്ലാ ഭരണകൂടം തയാറാക്കിയിരിക്കുന്നത്.
ഇവിടങ്ങളില്‍ അഞ്ച് ദിവസത്തിനുള്ളിൽ സൗകര്യങ്ങൾ ഒരുക്കി ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. രോഗികളുടെ എണ്ണം, ആരോഗ്യ നില എന്നിവ കണക്കിലെടുത്ത് മെഡിക്കൽ ഓഫീസറാണ് രോഗികളെ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന് തീരുമാനിക്കുന്നത്. ഈ ആശുപത്രികളിൽ ഐസിയു, വെന്‍റിലേറ്റർ ഉൾപ്പെടെ 25 ശതമാനം ബെഡുകൾ തയാറാക്കിവയ്‌ക്കേണ്ടതാണെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടു.