ആലപ്പുഴ: കേരളത്തിലെ റോഡപകടങ്ങൾ 50 ശതമാനമായി കുറയ്‌ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡപകടങ്ങൾ കുറയ്ക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകും. റോഡ് അപകടങ്ങളിൽ പൊലിയുന്ന ജീവനുകളെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രത്യേകിച്ച് ഹൈവേ വികസനത്തിൽ കഴിഞ്ഞ നാലര വർഷത്തിൽ വലിയ മുന്നേറ്റമാണ് കേരളം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് 12291 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ തുടക്കമിട്ടത്. കഴിഞ്ഞ നാലര വര്‍ഷത്തില്‍ കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപ്പാസ്, കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ ഉള്‍പ്പടെ നാല് പ്രധാനപ്പെട്ട പാലങ്ങളാണ് സര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലാരിവട്ടം പാലം മെയ്യിൽ നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറ് വർഷം ഗ്യാരന്‍റിയുള്ള പാലമാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌ഗരി നിർദേശിച്ചത് പോലെ ഡൽഹിയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിവിധ പദ്ധതികൾ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് യാത്രകൾക്ക് നിയന്ത്രണമുണ്ടായതിനാലാണ് ഇത് വൈകിയത്. കയർ, പ്ലാസ്റ്റിക്, റബർ എന്നിവ ഉപയോഗിച്ചുള്ള റോഡ് നിർമാണം പൊതുമരാമത്ത് വകുപ്പ് നടത്തുന്നുണ്ട്. ഇത് ദേശീയ പാത നിര്‍മാണത്തിന് ഉപയോഗിക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും 348 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴ ബൈപ്പാസ് യഥാർഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതമാണ് ബൈപ്പാസിനായി ചെലവഴിച്ചത്. എത്ര വലിയ പദ്ധതിയും കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് മനോഹരമായി ചെയ്യാനാവുമെന്ന് ആലപ്പുഴ ബൈപ്പാസ് തെളിയിക്കുന്നുവെന്നും വിഴിഞ്ഞം തുറമുഖത്തിന്‍റെ റിംഗ് റോഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്ര സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിലുള്ളവർക്ക് മാത്രമല്ല ഇതുവഴി കടന്നുപോകുന്നവർക്കും സന്ദർശകർക്കുമെല്ലാം അഭിമാനം പകരുന്ന പദ്ധതിയാണിതെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരസ്‌പര സഹകരണത്തോടെയുള്ള പ്രവർത്തനം ജനങ്ങളുടെ ജീവിതത്തിൽ എങ്ങനെ മാറ്റമുണ്ടാക്കുന്നുവെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ആലപ്പുഴ ബൈപ്പാസെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ജനങ്ങള്‍ക്ക് ആശ്വാസമേകാനും ബൈപ്പാസ് ഉപകരിക്കുമെന്ന് മുഖ്യമന്ത്രിക്കൊപ്പം ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌ഗരി പറഞ്ഞു. വിനോദ സഞ്ചാര മേഖലക്കും ഇത് മുതല്‍ക്കൂട്ടാകുമെന്നും പദ്ധതി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതിന് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്തി ജി.സുധാകരനെയും അദ്ദേഹം അഭിനന്ദിച്ചു.