ആലപ്പുഴ: മാവേലിക്കരയിൽ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടവും മറ്റ് നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. എറണാകുളം വാഴക്കാല വലിയപള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായി.
സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതി അജാസിനും ഗുരുതരമായി പൊള്ളലേൽക്കുന്നത്. ശരീരത്തിൻറെ 40 ശതമാനത്തിലേറെ പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് അജാസ് മരിച്ചത്. ആലുവയിൽ ട്രാഫിക്ക് പൊലീസ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു അജാസ്.