ആലപ്പുഴ : കേരളത്തിന്‍റെ അഭ്യന്തര മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വന്‍ പരാജയമെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പൊലീസ് സംവിധാനം നിലവിൽ കുത്തഴിഞ്ഞ നിലയിലാണുള്ളത്. സർക്കാരിന് പോലും നിയന്ത്രണം നഷ്‌ടമായിരിക്കുകയാണ്. ഇത്രയും കഴിവുകെട്ട പൊലീസ് സംവിധാനം മുമ്പ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഗുണ്ട ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഇതിനെല്ലാം ഉത്തരവാദി സംസ്ഥാനത്തെ പൊലീസ് സേനയും അതിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുമാണെന്നും ക്രമസമാധാന പാലനത്തിൽ പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്‌ചയാണ് ഉണ്ടായിട്ടുള്ളതെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ചെന്നിത്തല പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണെന്ന പരാതി വ്യാപകമാണ്. ഗുണ്ടകൾ സംസ്ഥാനത്ത് വിഹരിക്കുന്നു. പൊലീസ് ജാഗ്രത കാണിച്ചില്ലെങ്കിൽ അക്രമം തുടരും.
Also read: പൊലീസിനെതിരെ സി.പി.ഐ ; കാനത്തെ തള്ളാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവം
ഗുണ്ടകളെ നിയന്ത്രിക്കാനും പ്രവർത്തനത്തിന് അറുതിവരുത്താനും താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ പദ്ധതിയാണ് 'ഓപ്പറേഷൻ സുരക്ഷ'. എന്നാൽ പിണറായി വിജയൻ അധികാരത്തിൽ വന്നപ്പോൾ ആദ്യം നിർത്തലാക്കിയ പദ്ധതിയും ഇതുതന്നെയായിരുന്നു. സംസ്ഥാനത്ത് ഗുണ്ട വിളയാട്ടത്തിന് അറുതി വരുത്തണമെങ്കിൽ 'ഓപ്പറേഷൻ സുരക്ഷ' തിരികെ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആലപ്പുഴ ഇരട്ട കൊലക്കേസിലെ പ്രതികളെ ഉടൻ പിടികൂടണം. ആദ്യ കൊലപാതകത്തിന് ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നു. ആലപ്പുഴയിലെ കൊലക്കേസ് പ്രതികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി തന്നെ പറയുന്നു. പ്രതികൾ സംസ്ഥാനം വിട്ടുപോയതിന്‍റെ ഉത്തരവാദികൾ പൊലീസ് തന്നെയാണ്. പൊലീസും സർക്കാരും നിഷ്ക്രിയമാണെന്നും ചെന്നിത്തല ആരോപിച്ചു.
പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പറഞ്ഞാലും ഒഴിയില്ല, പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്നും ചെന്നിത്തല പരിഹസിച്ചു. നിരന്തരം ആക്രമണങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ആംബുലൻസുകൾ കുറ്റകൃത്യത്തിന് ഉപയോഗിക്കുന്നത് തടയാൻ സർക്കാർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.