ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി 69 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 935 കുടുംബങ്ങളിൽ നിന്നായി 3205 പേരാണ് ഇവിടങ്ങളില്‍ താമസിക്കുന്നത്. കാർത്തികപ്പള്ളി താലൂക്കിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 355 കുടുംബങ്ങളിലെ 1202 ആളുകളാണുള്ളത്. മാവേലിക്കര താലൂക്കിൽ 8 ദുരിതാശ്വാസ ക്യാമ്പുകളിലായി 61 കുടുംബങ്ങളിലെ 142 ആളുകള്‍. ഇവരിൽ 68 സ്ത്രീകളും 55 പുരുഷന്മാരും 19 കുട്ടികളും ഉൾപ്പെടുന്നു. അമ്പലപ്പുഴ താലൂക്കിലെ 3 ദുരിതാശ്വാസ ക്യാമ്പുകളിലായി 15 കുടുംബങ്ങളിലെ ആളുകളുമുണ്ട്.
വെള്ളപ്പൊക്കം രൂക്ഷമായ കുട്ടനാട് താലൂക്കിൽ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 98 കുടുംബങ്ങളിലെ 327 ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ഇവരിൽ 174 സ്ത്രീകളും 133 പുരുഷന്മാരും 20 കുട്ടികളും ഉൾപ്പെടുന്നു. ചേർത്തല താലൂക്കിൽ ഇതുവരെ ഒരു ക്യാമ്പ് മാത്രമാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. ചേര്‍ത്തല കുറുപ്പൻകുളങ്ങരയിലെ അംബേദ്കർ കമ്യൂണിറ്റി ഹാളിൽ പ്രവർത്തനം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 10 കുടുംബങ്ങളിലെ 36 ആളുകളാണുള്ളത്. ഇവരിൽ 16 സ്ത്രീകളും 17 പുരുഷന്മാരും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.
ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവൃത്തിക്കുന്നത്. ചെങ്ങന്നൂരിലെ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 396 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. താലൂക്കിലെ വിവിധ ക്യാമ്പുകളിലായി 1452 പേരാണ് കഴിയുന്നത്. ഇവരിൽ 598 പുരുഷന്മാരും 613 സ്ത്രീകളും 241 കുട്ടികളും 2 ഗർഭിണികളും ഉൾപ്പെടുന്നു. ക്യാമ്പുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുഴുവൻ നടപടികളും ജില്ലാ ഭരണകൂടം സജീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു.