ആലപ്പുഴ : കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച സാഹചര്യത്തിൽ രാജ്യം വീണ്ടും ലോക്ക് ഡൗണിലേക്ക് പോയതോടെ നിരവധി പേരുടെ ഉപജീവനമാണ് വഴിമുട്ടിയത്. വായ്‌പയെടുത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങിയവരും കടുത്ത പ്രതിസന്ധിയിലായി. ജിംനേഷ്യം ഉടമകളും ഇക്കൂട്ടരിൽപ്പെടും. ഫിറ്റ്‌നസ് ദിനചര്യയുടെ ഭാഗമാണെങ്കിലും ലോക്ക് ഡൗണ്‍ വന്നാല്‍ ആദ്യം പൂട്ടുവീഴുന്നത് തങ്ങള്‍ക്കാണെന്ന് ഉടമകള്‍ പരാതിപ്പെടുന്നു.
കൊവിഡ് ഏറെക്കുറെ ശമിച്ചതോടെ നിയന്ത്രണങ്ങള്‍ ഇളവുനല്‍കുന്ന സൗഹചര്യത്തില്‍ ഇനിയും ജിമ്മുകള്‍ തുറന്നില്ലെങ്കില്‍ ഉടമകളും തൊഴിലാളികളും പട്ടിണിയിലാകും, അതിനാല്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജിമ്മുടമകൾ ആവശ്യപ്പെട്ടു.
also read: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും
സംസ്ഥാനത്ത് 25,000 ഓളം ജിമ്മുകളുണ്ട്. ഒരു ലക്ഷത്തിലേറെ പേര്‍ ഇവയെ ആശ്രയിച്ച് ജീവിക്കുന്നു. ജിമ്മുകളില്‍ നിന്ന് കൊവിഡ് പടര്‍ന്ന സാഹചര്യം ഇല്ലാതിരുന്നിട്ടും ആദ്യം പൂട്ടുവീണത് ഇവയ്ക്കാണെന്ന് ഉടമകൾ പറയുന്നു.
എല്ലാ നിയമങ്ങളും പാലിച്ചിട്ടും അനുമതിയില്ല
കൊവിഡ് സമയത്ത് സര്‍ക്കാര്‍ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ആദ്യ ലോക്ക് ഡൗണിന് ശേഷം ആളുകളെ പ്രവേശിപ്പിച്ചത്. മാസ്‌കും അകലവും താപനില പരിശോധനയുമെല്ലാം നിര്‍ബന്ധമാക്കിയിരുന്നു. ജിമ്മുകള്‍ ഇടയ്ക്ക് സാനിറ്റൈസ് ചെയ്തിരുന്നു. വളരെ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് ഇവ ഇനിയും അടച്ചിടേണ്ടത് എന്ന ചോദ്യമാണ് ഉടമകള്‍ ഉന്നയിക്കുന്നത്.
ഉടമകള്‍ കടക്കെണിയില്‍
മെഷീനുകള്‍ വാങ്ങുന്നത് ലക്ഷക്കണക്കിന് രൂപ വായ്പ്പയെടുത്താണ്. അതിന്‍റെ തവണകള്‍ അടയ്ക്കാന്‍ മാർഗമില്ല. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് വാടക നല്‍കാന്‍ നിവൃത്തിയില്ല.
ലോക്ക് ഡൗണിൽ പലരോടും കെട്ടിട ഉടമകള്‍ ഒഴിഞ്ഞുകൊടുക്കാന്‍ പറയുന്ന സാഹചര്യം വരെയുണ്ടായി. പലിശരഹിത വായ്‌പയോ വാടക നല്‍കാനുള്ള പിന്തുണയോ സര്‍ക്കാര്‍ നല്‍കിയിയില്ലെങ്കില്‍ തങ്ങളില്‍ പലരും ആത്മഹത്യ ചെയ്യേണ്ടിവരും.
ഫിറ്റ്‌നസ് എന്ന് പറഞ്ഞാല്‍ സൗന്ദര്യവുമായാണ് പരിഗണിക്കുന്നത്, എന്നാല്‍ അതങ്ങനെയല്ല ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കാനാണ് പലരും ജിമ്മുകളിലേക്ക് വരുന്നത്. ഹൃദയത്തിന് രോഗങ്ങളുള്ളവരെയടക്കം ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ ജിമ്മുകളിലേക്ക് വിടുന്നുണ്ട്.
മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങളില്‍ നിന്ന് മോചിക്കപ്പെട്ട യുവാക്കളില്‍ പലരും ഫിറ്റ്‌നസിലേക്ക് തിരിഞ്ഞ്, ശരീരം ശ്രദ്ധിക്കുന്നതിനായി ജിമ്മില്‍ വരാറുണ്ട്. അവരും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.