ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശ നിമിഷങ്ങളിലേക്ക് ആലപ്പുഴ നഗരത്തെ സ്വാഗതം ചെയ്‌ത് സാംസ്‌കാരിക ഘോഷയാത്ര. വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, പുലിക്കളി, കരകാട്ടം, മയിലാട്ടം, കളരിപ്പയറ്റ് തുടങ്ങിയവ ഘോഷയാത്രയ്ക്ക് പൊലിമയേകി. ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ച ഘോഷയാത്ര അഡ്വ.എ.എം ആരിഫ് എംപി ഫ്ലാഗ് ഓഫ് ചെയ്തു.
സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, റെഡ് ക്രോസ് വോളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് ഘോഷയാത്രയുടെ ഭാഗമായത്. ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ്, മുനിസിപ്പൽ കൗൺസിലർമാർ, ഡിടിപിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ ഘോഷയാത്രയ്‌ക്ക് നേതൃത്വം നൽകി.
ഘോഷയാത്ര നഗര ചത്വരത്തിൽ സമാപിച്ച ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്‌ഘാടനം ചെയ്തു. സംഗീത സംവിധായകൻ ജെറി അമൽദേവ്, അലിയാർ എം. മാക്കിയിൽ, പുന്നപ്ര ജ്യോതികുമാർ, പി.എസ്.എം. ഹുസൈൻ തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.