ആലപ്പുഴ: പ്രളയാനന്തര കേരള പുനർനിർമാണത്തിന് കരുത്ത് പകർന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം. സബ് കലക്ടർ വി ആർ കൃഷ്ണ തേജയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന 'ഐ ആം ഫോർ ആലപ്പി' പദ്ധതിക്ക് പിന്തുണയുമായി ചലച്ചിത്ര താരം കാളിദാസ് ജയറാമും. പ്രളയാബാധിത പ്രദേശത്തെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധി എന്ന നിലയിൽ വിതരണം ചെയ്യുന്ന മത്സ്യബന്ധന ബോട്ടുകളുടെ വിതരണം താരം നിര്‍വഹിച്ചു. ഇത്തരം ജനോപകാരപ്രദമായ സംരംഭങ്ങൾ പ്രളയബാധിത പ്രദേശങ്ങളിൽ നടപ്പിലാക്കുന്നത് മാതൃകാപരമാണെന്നും ഈ ജനക്ഷേമ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ആലപ്പുഴക്കാരന്‍ കൂടിയായ ഹസീബ് ഹനീഫ് നിര്‍മിക്കുന്ന ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു കാളിദാസ്.
'ഡൊണേറ്റ് എ ബോട്ട്, ഡൊണേറ്റ് എ ലൈവ് ലി ഹുഡ്' പദ്ധതി പ്രകാരം ഇതുവരെ അഞ്ച് ഘട്ടങ്ങളിലായാണ് വള്ളങ്ങൾ വിതരണം ചെയ്തത്. 'വേൾഡ് വിഷൻ ഇന്ത്യ' എന്ന സംഘടനയുടെ സഹായത്തോടെ 29 വള്ളങ്ങളാണ് അഞ്ചാം ഘട്ടത്തിൽ നൽകിയത്. എടത്വ പഞ്ചായത്തിലെ മത്സ്യതൊഴിലാളികൾക്കാണ് വള്ളങ്ങൾ ലഭിച്ചത്. പദ്ധതിയിലൂടെ നാനൂറിലേറെ വള്ളങ്ങളാണ് മത്സ്യതൊഴിലാളികൾക്ക് സൗജന്യമായി നൽകുന്നത്.