ആലപ്പുഴ: ടൂറിസം മേഖലയ്‌ക്ക് നേരിയ ആശ്വാസം നൽകി കൊണ്ട് ജില്ലയിൽ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഹൗസ്ബോട്ടുകള്‍ പ്രവര്‍ത്തിക്കാന്‍ ധാരണയായത്. ജില്ല കലക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഒക്ടോബര്‍ 18 മുതല്‍ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തനമാരംഭിക്കും. എന്നാൽ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്ത ശേഷം മാത്രമേ വിനോദസഞ്ചാരികള്‍ ബോട്ടിലേക്കെത്താന്‍ പാടുള്ളൂ. പുന്നമട ഫിനിഷിങ് പോയന്‍റ്, പള്ളാത്തുരുത്തി എന്നീ രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാവും ഹൗസ് ബോട്ടുകളുടെ പ്രവര്‍ത്തനം. ഒരു ബോട്ടില്‍ പരമാവധി പത്ത് പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി. ഒരു മുറിയില്‍ രണ്ട് പേര്‍ക്ക് താമസിക്കാം. രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനുമിടക്ക് ബോട്ടികളിലെ ചെക്കിന്‍- ചെക്കൗട്ട് എന്നിവ നടത്തണം. ഒരോ യാത്രക്ക് ശേഷവും ബോട്ടുകള്‍ അണുവിമുക്തമാക്കണം. വിനോദസഞ്ചാരികളുടെ ശരീര താപനില പരിശോധിച്ച് ലഗേജ് ഉള്‍പ്പടെ അണുവിമുക്തമാക്കിയ ശേഷം മാത്രമേ ബോട്ടിലേക്ക് പ്രവേശനം നല്‍കൂ.
ബോട്ടുകളില്‍ കൊവിഡ് ജാഗ്രത ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കാനും ബോട്ട് ഉടമകൾക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൗസ് ബോട്ടുകൾ പ്രവർത്തിപ്പിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും ഇത് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർക്ക് പുത്തൻ ഉണർവ് നല്‍കുന്നതാണെന്നുമാണ് ഹൗസ്ബോട്ട് ഉടമകളുടെ പ്രതികരണം. എന്നാൽ വിദേശീയരും ഇതരസംസ്ഥാനത്ത് നിന്നുള്ളവരുമായ വിനോദസഞ്ചാരികൾ എത്താത്തതും വിനോദസഞ്ചാരികളുടെ എണ്ണം കുറവായതിനാൽ തന്നെ ഹൗസ്ബോട്ട് മേഖലയ്‌ക്ക് കാര്യമായ ഗുണമില്ലെന്നും നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ അനുവദിക്കണമെന്നുമാണ് ഹൗസ്‌ബോട്ട് ഉടമകളുടെ ആവശ്യം.
ബോട്ടിലെ ജീവനക്കാര്‍ വിനോദസഞ്ചാരികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും യാത്രക്കാര്‍ ഡ്രൈവറുടെ സമീപത്തേക്ക് എത്താതിരിക്കാന്‍ പ്രത്യേകം വേര്‍ത്തിരിക്കാനും നിര്‍ദേശം നല്‍കി. വിനോദസഞ്ചാരികള്‍ക്കുള്ള വില്ലേജ് വാക്ക് ഉള്‍പ്പടെയുള്ളവ പാടില്ല. ഹൗസ് ബോട്ടുകളില്‍ കരുതാം ആലപ്പുഴയെ എന്ന പദ്ധതിയുടേയും ബ്രേക്ക് ദി ചെയിന്‍ ബാനറുകളും സ്ഥാപിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഹൗസ് ബോട്ടുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ ഉറപ്പാക്കണം. ഈ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക സക്വാഡിനെയും ജില്ല കലക്ടര്‍ നിയോഗിക്കും. എട്ടുമാസത്തിന് ശേഷം ഹൗസ്‌ബോട്ടുകൾക്ക് പ്രവർത്തനാനുമതി നൽകിയ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.