ആലപ്പുഴ : ഇടതുമുന്നണി സർക്കാർ പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി. ദളിത്- ആദിവാസി വിഭാഗങ്ങൾക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങൾക്കെതിരായ വിധിയായിരിക്കും ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം അരൂരില്‍ പറഞ്ഞു.
പട്ടികജാതി വിഭാഗത്തിന് ഭവന നിർമാണത്തിന് 2018-19-ൽ അനുവദിച്ച 400 കോടി രൂപയുടെ ക്ഷേമപദ്ധതികളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. ദളിത് ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതില്‍ ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ദളിത് സംവരണം ഏർപ്പെടുത്താൻ നിയമ നിർമാണം നടത്തണം. യുഡിഎഫ് സ്ഥലം അനുവദിച്ച അയ്യൻകാളി സ്മാരക മെഡിക്കൽ കോളേജിലെ നിയമനങ്ങൾക്ക് എൽഡിഎഫ് സർക്കാർ മൂന്നര വർഷമായിട്ടും അംഗികാരം നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം ഉപതെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.