ആലപ്പുഴ: കിഫ്‌ബി മുഖേന സംസ്ഥാനത്ത് നടക്കുന്ന വികസന പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വികസന പ്രദര്‍ശന-ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. 'കേരള നിര്‍മ്മിതി-വികസനത്തിന്‍റെ അനുഭവബോധ്യം' പരിപാടി ആലപ്പുഴയില്‍ മാര്‍ച്ച് 8,9,10 തീയതികളില്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വന്‍കിട വികസന പദ്ധതികളുടെ ത്രീഡി മാതൃകയും വെര്‍ച്വല്‍ റിയാലിറ്റ് മാതൃകയും അവലോകനങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തും.
കിഫ്‌ബിയുടെ പദ്ധതികളെ കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ ഉന്നയിക്കാനും സംശയ നിവാരണത്തിനും പോര്‍ട്ടല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള നിര്‍മ്മിതി-വികസനത്തിന്‍റെ അനുഭവബോധ്യം' പരിപാടിയില്‍ ഓരോ പദ്ധതിയുടെയും നിജസ്ഥിതി മനസിലാക്കാന്‍ പദ്ധതിയുടെ മാകൃകകളൊരുക്കും.
1500 കോടി രൂപയുടെ വികസന പദ്ധതികളാണ് ആലപ്പുഴയില്‍ ഒരുങ്ങുന്നത്. ആലപ്പുഴയുടെ സ്വപ്‌ന പദ്ധതിയായ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് മുതല്‍ തോട് നവീകരണം വരെ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കുട്ടനാട് പരിസ്ഥിതി പുനസ്ഥാപനമാണ് ഊന്നല്‍ നല്‍കുന്ന മറ്റൊരു മേഖല. ശുചിത്വശുദ്ധമായ കുട്ടനാട്, ബണ്ടുക്കളുടെ നിര്‍മാണം, കൃഷി, മത്സ്യമേഖല ഇവയിലെല്ലാം നൂതന സങ്കല്‍പങ്ങളാണ് കുട്ടനാട് രണ്ടാം പാക്കേജില്‍ വിഭാവനം ചെയ്‌തിരിക്കുന്നത്. കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാ ബഹുജന കൂട്ടായ്‌മകളെയും 'കേരള നിര്‍മ്മിതി-വികസനത്തിന്‍റെ അനുഭവബോധ്യം' പരിപാടിയില്‍ ഭാഗമാക്കുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. മൂന്ന് വേദികളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രദര്‍ശന വേദിക്ക് പുറമെ ഒരു ഹാളില്‍ സിമ്പോസിയങ്ങളും അവലോകനങ്ങളും മറ്റൊന്നില്‍ യോഗങ്ങളും നടക്കും.