ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തില്‍ തീരദേശ മേഖലയില്‍ താമസിക്കുന്ന മത്സ്യതൊഴിലാളുകളുടെ ബുദ്ധിമുട്ട് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു യോഗം. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ മുഖ്യാതിഥിയായി.
വാടയ്ക്കലിലെ പൊതുവിതരണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യധാന്യ കിറ്റിന്‍റെ ജില്ലയിലെ ആദ്യ വിതരണം എ.എം. ആരിഫ് എംപി നിര്‍വഹിച്ചു. ജില്ലയിലെ തീരദേശ താലൂക്കുകളായ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കാണ് സൗജന്യമായി കിറ്റുകള്‍ നല്‍കുന്നത്. 18,256 കിറ്റുകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. കാര്‍ത്തികപ്പള്ളിയില്‍ 3690, അമ്പലപ്പുഴയില്‍ 9845, ചേര്‍ത്തലയില്‍ 4721 വീതമാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഫിഷറീസ് വകുപ്പ് നല്‍കിയ കണക്ക് പ്രകാരമാണ് കിറ്റുകളുടെ വിതരണം. കടല, പഞ്ചസാര, സണ്‍ഫ്ലവര്‍ ഓയില്‍, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, തെയില, ആട്ട, മാസ്‌ക്, ഉപ്പ് തുടങ്ങി പതിനൊന്ന് ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്.