ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വിനയൻ സിനിമ ചെയ്യാമെന്ന് വാക്ക് നൽകി പണം വാങ്ങിയ ശേഷം വഞ്ചിച്ചെന്ന ആരോപണവുമായി നിർമാതാവ് രംഗത്ത്. ആലപ്പുഴ സ്വദേശി വി.എൻ ബാബുവാണ് വിനയനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
വിനയന്‍ ഒരു കോടി ഇരുപത്തിയാറ് ലക്ഷം രൂപ പണമായും ശേഷം പതിനാല് ലക്ഷം രൂപ ചെക്കായും കൈപറ്റിയിട്ടുണ്ടെന്നും ഇതിന്‍റെ രേഖകൾ തന്‍റെ പക്കലുണ്ടെന്നും നിർമാതാവ് പറഞ്ഞു. ഇതിന് പുറമെ തന്‍റെ കയ്യിൽ നിന്നും പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും എന്നാൽ സൗഹൃദം കൊണ്ട് അവയ്‌ക്കൊന്നും രേഖകൾ വാങ്ങിയിട്ടില്ലെന്നും ബാബു പറഞ്ഞു.
തന്‍റെയൊരു പുതിയ കാറും ഷൂട്ടിങിന് വേണ്ടി കൊണ്ടുപോയിട്ടുണ്ട്. എന്നാൽ പിന്നീട് അത് തിരികെ ലഭിച്ചില്ല. ഷൂട്ടിങിനിടയില്‍ അത് പൊളിച്ചുകളഞ്ഞതായാണ് അറിയാൻ സാധിച്ചത്. വ്യക്തിപരമായ സമ്പാദ്യത്തിൽ നിന്നും വ്യവസായത്തിൽ നിന്നും ലഭിച്ച പണവുമാണ് വിനയന് നൽകിയത്.
പണം അടക്കമുള്ളവ തിരികെ ലഭിക്കുന്നതിനുള്ള നിയമനടപടി സ്വീകരിക്കാനാണ് ആലോചിക്കുന്നതെന്നും ബാബു വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് വിനയനെതിരെ മാരാരിക്കുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസ് പ്രാഥമിക അന്വേഷണത്തിനായി ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി.
Also read: എത്ര കാത്തിരുന്നാലും പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററുകളിൽ മാത്രമെന്ന് വിനയന്‍