ആലപ്പുഴ: ജില്ലയിൽ കോവിഡ് ഹോട്ട്‌സ്‌പോട്ട് കേന്ദ്രങ്ങൾ നിർണയിച്ചതിൽ വ്യാപക അപാകത. നിലവിൽ മൂന്ന് ഹോട്ട്‌സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. ചെങ്ങന്നൂരിലെ ചെറിയനാട് പഞ്ചായത്ത്, ചെങ്ങന്നൂർ നഗരസഭ, മുഹമ്മ പഞ്ചായത്ത് എന്നിവയാണ് നിലവിൽ ഹോട്ട്‌സ്‌പോട്ടുകള്‍. എന്നാൽ രോഗം റിപ്പോർട്ട് ചെയ്‌ത മുളക്കുഴ പഞ്ചായത്തിനെ ഒഴിവാക്കുകയും കേസ് റിപ്പോർട്ട് ചെയ്യാത്ത ചെങ്ങന്നൂർ നഗരസഭയെ ഹോട്ട്‌സ്‌പോട്ടായി തിരഞ്ഞെടുക്കുകയും ചെയ്‌തു. തണ്ണീർമുക്കം പഞ്ചായത്തിലാണ് മറ്റൊരു കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ കൊവിഡ് കെയർ സെന്‍ററിന്‍റെ പേര് പഞ്ചായത്തിന്‍റെ പേരായി വന്നതിനാല്‍ മുഹമ്മ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഇടംപിടിച്ചു.
ജില്ലയിലാകെ അഞ്ച് കൊവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരിൽ മൂന്നുപേര്‍ രോഗമുക്തരായി. രണ്ടുപേരാണ് നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ അവശേഷിക്കുന്നത്. അപാകതകൾ വന്നതിനെത്തുടർന്ന് പട്ടിക തിരുത്തി ഉടൻ ഉത്തരവിറക്കുമെന്നാണ് സൂചന.