ആലപ്പുഴ: കൊവിഡിനെ ഭയന്ന് വീടുകളിൽ കഴിയുന്നവർക്ക് ധൈര്യമേകിയും ആശ്വാസം പകർന്നും ജനപ്രതിനിധികളുടെ ഭവന സന്ദർശനം. പി.പി.ഇ കിറ്റണിഞ്ഞാണ് സംഘം വീടുകൾ സന്ദർശിച്ചത്. പരിപാടിക്ക് ആലപ്പുഴ നിയുക്ത എം.എൽ.എ പി.പി ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ നേതൃത്വം നൽകി. 'നാടിനായി നമ്മൾ ' എന്ന പേരിൽ ആര്യാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലായിരുന്നു പരിപാടി. 12 സംഘങ്ങളായി 440 വീടുകളിലായിരുന്നു സന്ദർശനം. നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റീവ് വോളന്റിയർമാർ എന്നിവരായിരുന്നു സംഘാംഗങ്ങൾ.
കൂടുതല്‍ വായനയ്ക്ക്: കൊവിഡിനെ പുകച്ച് ഓടിക്കാമെന്ന നിലപാട് അശാസ്ത്രീയമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തണമെന്ന് നിർദേശിച്ചിരുന്നു. കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒറ്റക്കെട്ടായി മഹാമാരിയെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും യുവതയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും നിയുക്ത എംഎല്‍എ പി.പി ചിത്തരജ്ഞൻ പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനും ആത്മവിശ്വാസം പകരുന്നതിനും ഭവന സന്ദർശനത്തിലൂടെ കഴിഞ്ഞെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും പറഞ്ഞു. മരുന്ന്, ഭക്ഷണം, വെള്ളം, സാധന സാമഗ്രികൾ തുടങ്ങിയവ ഉറപ്പുവരുത്തിയതായും പ്രസിഡൻ്റ് കൂട്ടിച്ചേര്‍ത്തു.
വരും ദിവസങ്ങളിൽ മറ്റ് പഞ്ചായത്തുകളിലും 'നാടിനായി നമ്മൾ' ക്യാംപയിന്‍ നടത്തും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ, ജില്ല പഞ്ചായത്തംഗവും ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് ജനറൽ കൺവീനറുമായ അഡ്വ. ആർ. റിയാസ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ല പഞ്ചായത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ആര്യാട് ഗ്രാമ പഞ്ചായത്ത്, ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് എന്നിവർ സംയുക്തമായാണ് ക്യാംപയിന്‍ നടത്തിയത്.