ആലപ്പുഴ: ആലപ്പുഴ രൂപത കത്തോലിക്ക ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിലുമായി മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ കെ.വി തോമസ് കൂടിക്കാഴ്‌ച നടത്തി. ആലപ്പുഴ ബിഷപ്പ് ഹൗസിൽ രാവിലെ 10 മണിയോടെയാണ് കെ.വി തോമസ് എത്തിയത്. തുടർന്ന് ഒരു മണിക്കൂറോളം ബിഷപ്പുമായി ചർച്ച നടത്തി.
കോൺഗ്രസ് നേതൃത്വവുമായി പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും നടപടി സ്വീകരിക്കാൻ കെപിസിസി ഒരുങ്ങിയ സാഹചര്യത്തിലും ഇടതുപക്ഷവുമായുള്ള അടുപ്പം വർധിക്കുകയും ചെയ്‌ത രാഷ്ട്രീയ സാഹചര്യത്തിലാണ് കെ.വി തോമസിന്‍റെ സന്ദർശനം. മുഖ്യമന്ത്രിയുമായും ഇടതു നേതാക്കളുമായും അടുത്ത ബന്ധമുള്ളയാളാണ് ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ. എന്നാൽ ബിഷപ്പ് ഹൗസ് സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു കെ.വി തോമസിന്‍റെ പ്രതികരണം.
ഇത് സൗഹൃദ സന്ദർശനം മാത്രമാണ്. അന്തരിച്ച മുൻ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലുമായും ഇപ്പോഴത്തെ ബിഷപ്പുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. സാധാരണഗതിയിൽ ആലപ്പുഴ വഴി പോകുമ്പോൾ ബിഷപ്പ് ഹൗസ് സന്ദർശിക്കാറുണ്ട്.
അദ്ദേഹം എന്‍റെ നാട്ടുകാരനാണ്. മത്സ്യത്തൊഴിലാളി മേഖലയിലെയും ചെല്ലാനത്തെയും ഉൾപ്പടെയുള്ള വിഷയങ്ങളിൽ അദ്ദേഹം ഇടപെടാറുണ്ട്. അത്തരം വിഷയങ്ങളാണ് ഇപ്പോഴും ചർച്ച ചെയ്‌തതെന്നും കെ.വി തോമസ് പ്രതികരിച്ചു. അതേസമയം, സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കാൻ ആലപ്പുഴ ബിഷപ്പ് തയ്യാറായില്ല.
Also read: തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ശ്രമമെന്ന് കെ.വി. തോമസ്