ആലപ്പുഴ: അസാപിന്‍റെ നേതൃത്വത്തിൽ കലവൂരിൽ ആരംഭിക്കുന്ന കമ്യൂണിറ്റി സ്കിൽ പാർക്ക് ജനുവരിയിൽ ഉദ്ഘാടനത്തിന് തയാറാകുമെന്ന് ധനകാര്യമന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു. സ്കിൽ പാർക്കിന്‍റെ നിർമ്മാണ പുരോഗതി ധനമന്ത്രി നേരിട്ടെത്തി വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 കോടി രൂപ നിർമ്മാണച്ചെലവ് വരുന്ന സ്കിൽ പാർക്ക് സർക്കാർ ഉടമസ്ഥതയിലെ രാജ്യത്തെ ആദ്യ സംരംഭമാണ്. രാജ്യാന്തര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്‌മെന്‍റ് ഹബ്ബായി ഇതു മാറുമെന്ന് ഐസക്ക് പറഞ്ഞു.
ജില്ലയിലെ ട്രെയിനിങ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാവും സ്കിൽ പാർക്ക് പ്രവർത്തിക്കുക. നിലവിൽ തൊഴിൽ ചെയ്യുന്നവരുടെ ശേഷിയെ നവീകരിക്കുകയും പുതിയ തൊഴിലന്വേഷകർക്ക് തൊഴിൽ പഠനത്തിന് അവസരമൊരുക്കുകയുമാണ് മൾട്ടി സ്കിൽ ട്രെയിനിങ് സെന്‍റർ ലക്ഷ്യം വയ്ക്കുന്നത്.
ഇവിടെ ആരംഭിക്കുന്ന തൊഴിൽ പരിശീലന കോഴ്സുകൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലകരാകും ക്ലാസുകൾ നയിക്കുക. പ്രതിവർഷം ആയിരം പേർക്ക് തൊഴിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. നാല് തരം കോഴ്സുകളാണ് ആദ്യം ആരംഭിക്കുക. ഫാഷൻ ഡിസൈനിങ് കോഴ്സ് നിലവിൽ ആരംഭിച്ചിട്ടുണ്ട്. ട്രാൻസ് ക്യാമ്പസായ വളവനാട് ക്ഷേത്രത്തിന് സമീപത്തുള്ള സ്കൂളിലാണ് അത് നടക്കുന്നത്. ആലപ്പുഴയിലെ തൊഴിലന്വേഷകർക്ക് അസാപ്പിന്‍റെ സ്കിൽ പാർക്ക് പുത്തൻ പ്രതീക്ഷകൾ നൽകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.