ആലപ്പുഴ: കഴിഞ്ഞ രണ്ടാഴ്‌ചക്കാലമായി ആലപ്പുഴയിൽ ഉണ്ടായിരുന്ന കയർ സമരം ഒത്തുതീർന്നു. ജില്ലയിലെ ചെറുകിട കയർ ഫാക്‌ടറി ഉടമകളും തൊഴിലാളികളും നടത്തിവന്ന സമരമാണ് കയർ ഫാക്‌ടറി ഉടമ സംയുക്ത സമരസമിതിയും കയർ മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായത്.
ജില്ലയിലെ കയർ മേഖലയെ ആകെ സ്‌തംഭിപ്പിച്ച സമരം സർക്കാരിന് മേൽലുണ്ടായ തൊഴിലാളി സംഘടനകളുടെ സമ്മർദ്ദത്തിനൊടുവിലാണ് സമവായത്തിൽ എത്തിയത്. കയർ സംഘങ്ങൾക്ക് 2018 മുതൽ നൽകാനുള്ള ഡിഎ കുടിശിക രണ്ടാഴ്‌ചയ്ക്കകം സർക്കാർ നൽകും.
കയർ സംഘങ്ങൾക്കും മാനേജീരിയിൽ സബ്‌സിഡി നൽകാനും ചെറുകിട കയർ ഫാക്‌ടറികളിൽ നിന്നുള്ള കയർ കയർ കോർപറേഷൻ നേരിട്ട് സംഭരിക്കുവാനും യോഗത്തിൽ തീരുമാനമായി. ഡിപ്പോകൾക്ക് ഓർഡർ നൽകാതെ പരമാവധി ഓർഡറുകൾ കയർ കോർപറേഷൻ നൽകണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.
ഇതനുസരിച്ച് ചില കയറ്റുമതിക്കാർ യോഗത്തിൽ വെച്ച് തന്നെ ഓർഡർ നൽകുകയും മറ്റ് കയറ്റുമതിക്കാർ തിങ്കളാഴ്‌ച തന്നെ ഓർഡർ നൽകാമെന്ന ഉറപ്പും മന്ത്രിക്ക് നൽകി. കയർ തൊഴിലാളികളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.