ആലപ്പുഴ: ചേര്‍ത്തലയില്‍ ഒരു ഗാന്ധിയുണ്ട്. വഴിയോരങ്ങളിലെ പാഴ്‌വസ്‌തുക്കള്‍ പെറുക്കി വിറ്റ് കിട്ടുന്ന പൈസ കൊണ്ട് പാവങ്ങളെ സഹായിയ്ക്കുന്ന ഒരു ഗാന്ധി. ഒരേ സമയം പ്രകൃതിയേയും മനുഷ്യനേയും ഒരു പോലെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു മനുഷ്യന്‍. പരിസ്ഥിതി പ്രവർത്തകനും റിട്ട. കെഎസ്ആർടിസി ഡ്രൈവറുമായ ചേർത്തല സ്വദേശി എസ്.എൽ വർഗീസ് എന്ന ചേര്‍ത്തല ഗാന്ധിയുടെ കഥയാണിത്.
പുലർച്ചെ 6 മണിയോടെ ചേർത്തല മുട്ടം പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം മാർക്കറ്റില്‍ വർഗീസ് എത്തുമ്പോള്‍ കടകൾക്ക് മുന്നിൽ കാർട്ടൻ ബോക്‌സുകളും പ്ലാസ്റ്റിക് കുപ്പിയും പാഴ് പേപ്പറുകളും കിടക്കുന്നുണ്ടാകും. കടകൾ നടത്തുന്നവർക്ക് അറിയാം ചേർത്തല ഗാന്ധിയുടെ ചാരിറ്റി പ്രവർത്തനം. അതുകൊണ്ട് കടയിലെ പാഴ് വസ്‌തുക്കൾ കളയാതെ സൂക്ഷിച്ച് വയ്ക്കും. വഴിയോരത്ത് കിടക്കുന്ന വസ്‌തുക്കളും പെറുക്കിയെടുത്ത് വീട്ടിലെത്തുമ്പോൾ 10 മണിയായിട്ടുണ്ടാകും. തുടർന്ന് ഭാര്യ സെലിയാമ്മയും പ്ലാസ്റ്റിക് വേർതിരിയ്ക്കാനായി ഭർത്താവിനൊപ്പം ചേരും.
Also read: മരങ്ങളുടെ മനസറിഞ്ഞ മനുഷ്യൻ പറയുന്നു നട്ടാല്‍ പോര പരിപാലിക്കണം, ഇത് രാഘവന്‍റെ പ്രകൃതി നിയമം..
ചേർത്തലയിൽ നിന്നും പത്ത് കിലോമീറ്റർ ദൂരെ പുതിയകാവ് വരെ പോയി പാവപ്പെട്ടവരെ സഹായിക്കാറുണ്ടായിരുന്നു. ചേർത്തല നഗരത്തിൽ മാത്രം പാവപ്പെട്ടവർക്ക് എല്ലാ മാസവും തന്‍റേതായ വിഹിതം വീടുകളിൽ എത്തിച്ചു നൽകും. നാല് വർഷം മുമ്പ് പുരുഷൻ കവലയ്ക്ക് സമീപം ആശ്രയം ചാരിറ്റി ട്രസ്റ്റ് ക്യാൻസർ രോഗികളേയും പാവപ്പെട്ടവരെയും സഹായിക്കാനായി ഒരു സംരംഭം തുടങ്ങിയതിന് ശേഷം എല്ലാ മാസവും രണ്ടായിരം രൂപയോളം ട്രസ്റ്റിൽ നിക്ഷേപിയ്ക്കും. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജീവിതത്തിലും പകര്‍ത്തുന്ന വര്‍ഗീസിന് ചേര്‍ത്തല ഗാന്ധിയെന്ന പേരല്ലാതെ മറ്റെന്ത് നല്‍കാന്‍.