ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണിചേരാൻ വധൂവരൻമാരുമെത്തി. ആലപ്പുഴ ജില്ലയില്‍ വിവാഹ വേദിയിൽ നിന്ന് നേരിട്ട് മനുഷ്യ മഹാശൃംഖലയിൽ കണ്ണികളാകാനെത്തിയത് രണ്ട് വധൂവരൻമാരാണ്. കായംകുളം സ്വദേശികളായ ഷെഹനയും ഷിനുവും ടി.എ കൺവൻഷൻ സെന്‍ററിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം നേരെ മനുഷ്യ മഹാശൃംഖലയിൽ കണ്ണികളാവുകയായിരുന്നു. കായംകുളത്ത് എംഎൽഎ അഡ്വ.യു.പ്രതിഭാ ഹരിക്കൊപ്പമാണ് ഇരുവരും ശൃംഖലയിൽ കണ്ണികളായത്. ഇവർക്കൊപ്പം സുഹൃത്തുക്കളും കുടുംബക്കാരും മനുഷ്യ മഹാശൃംഖലയിൽ അണിനിരന്നു.
ചേർത്തല വേളോർവട്ടം സ്വദേശികളായ വിഷ്ണുവും ശരണ്യയും വിവാഹവേദിയിൽ നിന്ന് നേരെ പോയതും മനുഷ്യ മഹാശൃംഖലയിലേക്കായിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോൾ തങ്ങൾക്ക് മാത്രമായി എങ്ങനെ മാറി നിൽക്കാൻ കഴിയുമെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും സംസ്കാരത്തെയും പൈതൃകത്തെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും രാജ്യത്തിന്റെ മതേതര ബഹുസ്വരതക്കൊപ്പമാണ് തങ്ങളെന്നുമാണ് ഇവര്‍ പറഞ്ഞത്. ചേർത്തല എക്സ്റേ ജങ്ഷനിലാണ് ഇരുവരും ശൃഖലയുടെ ഭാഗമായത്.