ആലപ്പുഴ : സംസ്ഥാന വ്യപകമായി നടക്കുന്ന സിപിഎം-കോൺഗ്രസ് സംഘർഷങ്ങളുടെ തുടർച്ചയായി അമ്പലപ്പുഴയിൽ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ രാജീവ് ഭവന്‍റെ ജനൽ ചില്ലുകളാണ് അടിച്ചുതകർത്തത്. തിങ്കളാഴ്‌ച രാത്രിയോടെ അമ്പലപ്പുഴ കച്ചേരി മുക്കിന് തെക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്.
കൊടിമരവും വാതിലുകളും തകർത്തിട്ടുണ്ട്. ആറ് ജനൽ ചില്ലുകൾ പൂർണമായി തകർന്ന നിലയിലാണ്. ഓഫിസ് കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന പൂച്ചെടികളും നശിപ്പിച്ചിട്ടുണ്ട്. രാത്രി 11.30 ഓടെ കോണ്‍ഗ്രസ് ഓഫിസിലെത്തിയ നാല് യുവാക്കളാണ് ആക്രമണം നടത്തിയതെന്നാണ് സമീപത്ത് താമസിക്കുന്നവർ നല്‍കിയ വിവരം.
Also read: പത്തനംതിട്ടയിൽ വിവിധ ഇടങ്ങളിൽ സിപിഎം - കോൺഗ്രസ് സംഘർഷം
ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേതൃത്വത്തിന്‍റെ പരാതിയില്‍ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന അമ്പലപ്പുഴ എംഎൽഎയുടെ ഫേസ്ബുക്കിലെ പരോക്ഷ പരാമർശത്തിന് പിന്നാലെയാണ് സംഭവം നടന്നതെന്നും സിപിഎം നേതൃത്വത്തിൻ്റെ അറിവോടുകൂടിയാണ് ഇതെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ഇത്തരം ആക്രമണങ്ങൾ ഇനിയും ഉണ്ടായാൽ ശക്തമായ രീതിയിൽ പ്രതിരോധിക്കുമെന്ന് അമ്പലപ്പുഴയിലെ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.