ന്യൂഡൽഹി: ഫ്രാങ്ക്‌ഫർട്ടിലേക്കും പാരീസിലേക്കുമുള്ള വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ഇന്ത്യൻ എയർലൈനായ വിസ്‌താര ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം പാട്ടത്തിനെടുത്തതായി അറിയിച്ചു. വിസ്‌താര പാട്ടത്തിനെടുത്ത ആദ്യത്തെ ഡ്രീംലൈനർ വിമാനമാണിത്. ബോയിംഗിൽ നിന്ന് വാങ്ങിയ രണ്ട് ഡ്രീംലൈനർ വിമാനങ്ങൾ കമ്പനിക്കുണ്ട്.
എന്നാൽ ഓര്‍ഡർ ചെയ്‌ത നാല് വിമാനങ്ങൾ കൂടി ബോയിംഗ് രണ്ട് വർഷമായി നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ പാട്ടത്തിന് എടുക്കേണ്ടി വന്നത്. പുതിയ വിമാനങ്ങൾ നൽകുന്നത് പുനരാരംഭിക്കുന്നതിന് മുൻപ് ബോയിംഗ് പ്രൊഡക്ഷൻ ലൈനിൽ തിരുത്തലുകൾ കൊണ്ടുവരണമെന്നതാണ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷന്‍റെ ആവശ്യം. അന്താരാഷ്‌ട്ര വിമാന സർവീസുകൾ മെച്ചപ്പെടുത്തുന്നതിനായി 2018 ൽ വിസ്‌താര ആറ് ഡ്രീംലൈനർ വിമാനങ്ങളാണ് ഓര്‍ഡർ ചെയ്‌തത്.
ഇതിൽ രണ്ടെണ്ണം മാത്രമാണ് ലഭിച്ചത്. ഓഗസ്‌റ്റ് 2020 നായിരുന്നു അവസാനത്തെ വിമാനം ലഭിച്ചത്. ദീർഘദൂര അന്താരാഷ്‌ട്ര റൂട്ടുകളിൽ എളുപ്പത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്ന വലിയ ബോഡിയും ഇന്ധന ടാങ്കുമുള്ള വിമാനമാണ് ഡ്രീംലൈനർ.
ഇതേസമയം ഫ്രാങ്ക്‌ഫർട്ടിലേക്കും പാരീസിലേക്കുമുള്ള അധിക വിമാനങ്ങൾ ഒക്‌ടോബർ 30 മുതൽ ആരംഭിക്കുമെന്ന് വിസ്‌താര അറിയിച്ചു. നിലവിലെ ഡൽഹി - ഫ്രാങ്ക്‌ഫർട്ട് റൂട്ടിലെ മൂന്ന് പ്രതിവാര സർവീസുകൾക്ക് പകരം ആറ് സർവീസുകളും ഡൽഹി - പാരീസ് റൂട്ടിലെ രണ്ട് പ്രതിവാര സർവീസുകൾക്ക് പകരം അഞ്ച് സർവീസുകളും ഒക്‌ടോബർ മുതൽ ആരംഭിക്കും.