ന്യൂഡൽഹി: യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ. നേരത്തെ യുപിഐ ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാൻ ഇടയുണ്ടെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ യുപിഐ സേവനങ്ങൾ സൗജന്യമായി തുടരുമെന്ന് വാർത്ത നിഷേധിച്ചുകൊണ്ട് ധനമന്ത്രാലയം അറിയിച്ചു.
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായതും സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉത്‌പാദനക്ഷമത നൽകുന്നതുമായ ഡിജിറ്റൽ സേവനമാണ് യുപിഐ. യുപിഐ സേവനങ്ങൾക്ക് നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് സർക്കാർ പരിഗണനയിലില്ല. ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ സേവന ദാതാക്കൾക്കുണ്ടാകുന്ന ചെലവുകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന് ധനമന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
ഡിജിറ്റൽ പണമിടപാടുകൾക്ക് സർക്കാർ കഴിഞ്ഞ വർഷം സാമ്പത്തിക സഹായം നൽകിയിരുന്നു. ഡിജിറ്റൽ പേയ്‌മെന്‍റുകളും സാമ്പത്തികശേഷിയുള്ളതും ഉപയോക്തൃ-സൗഹൃദവുമായ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വർഷവും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജൂലൈയിൽ യുപിഐ ഇടപാടുകൾ ആറ് ബില്യൺ കടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതൊരു മികച്ച നേട്ടമാണ്. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും സമ്പദ്‌വ്യവസ്ഥയെ ശുദ്ധമാക്കാനുമുള്ള ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഡിജിറ്റൽ പണമിടപാടുകൾ വളരെ സഹായകരമായിരുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.
യുപിഐ വഴി നടത്തുന്ന പേയ്‌മെന്‍റുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് ആർബിഐ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആർബിഐ ഓഹരി ഉടമകളിൽ നിന്ന് പ്രതികരണം തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.