ന്യൂഡൽഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) ഇടപാടുകളുടെ മൂല്യം സെപ്റ്റംബറിൽ 11 ലക്ഷം കോടി കടന്നതായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) കണക്കുകൾ. 2016ൽ ആരംഭിച്ച പ്ലാറ്റ്‌ഫോമിൽ ഈ മാസം 678 കോടി ഇടപാടുകൾ നടന്നു. 2022 മെയ് മാസം യുപിഐ വഴിയുള്ള പേയ്‌മെന്‍റ് 10 ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ മാസം 10.72 ലക്ഷം കോടി രൂപയുടെ 657.9 കോടി ഇടപാടുകളാണ് നടന്നത്.
'ഇന്‍റർ-ബാങ്ക് പിയർ-ടു-പിയർ' (inter-bank peer-to-peer) ഇടപാടുകൾ സുഗമമാക്കുന്ന ഒരു തൽക്ഷണ തത്സമയ പേയ്‌മെന്‍റ് സംവിധാനമാണ് യുപിഐ. ലളിതമായ ഘട്ടങ്ങളിലൂടെ മൊബൈൽ വഴിയാണ് ഇടപാട്. കൂടാതെ ഇതുവരെയുള്ള യുപിഐ ഇടപാടിന് നിരക്കുകളൊന്നും ബാധകമല്ല. മാത്രമല്ല രാജ്യം ഏതാണ്ട് പണരഹിത സമ്പദ്‌വ്യവസ്ഥയായി മാറുന്നതിൽ യുപിഐ ഒരു പ്രധാന പങ്ക് വഹിച്ചു.
എൻപിസിഐയുടെ കണക്കുകൾ അനുസരിച്ച്, 2022 ജൂണിൽ യുപിഐ ഡിജിറ്റൽ പേയ്‌മെന്‍റിന് കീഴിലുള്ള ഇടപാട് മൂല്യം മെയ് മാസത്തിലെ 10,41,506 കോടി രൂപയിൽ നിന്ന് 10,14,384 കോടി രൂപയായി കുറഞ്ഞു. ജൂലൈയിൽ ഇത് 10,62,747 കോടി രൂപയായി ഉയർന്നു. ഉത്സവ മാസമായ ഒക്ടോബർ, നവംബർ മാസങ്ങളിലെ ഇടപാടുകളുടെയും മൂല്യത്തിന്‍റെയും കാര്യത്തിൽ യുപിഐ വഴിയുള്ള പേയ്‌മെന്‍റ് മറ്റൊരു റെക്കോഡ് സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ.
മൂന്നാം കക്ഷി പേയ്‌മെന്‍റുകളുടെ (third-party payments) അസൗകര്യം ഇല്ലാതാക്കി എന്നതാണ് യുപിഐയുടെ പ്രധാന നേട്ടമെന്ന് സ്‌പൈസ് മണി സിഇഒ സഞ്ജീവ് കുമാർ പറഞ്ഞു. ഓരോ ഇടപാടിനും തനതായ പ്രൊഫൈലുകൾ ആവശ്യമില്ലാതെ യുപിഐ ഉപയോഗിച്ച് നിരവധി അക്കൗണ്ടുകൾക്കിടയിൽ പണം നീക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.