സ്‌ത്രീകള്‍ വിദ്യാഭ്യാസ രംഗത്തും വിവിധ തൊഴില്‍ മേഖലകളിലും മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും സാമ്പത്തിക തീരുമാനങ്ങളിലെ സ്വാശ്രയത്വം ഭൂരിഭാഗം സ്‌ത്രീകളും നേടിയിട്ടില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പല സ്‌ത്രീകളും കുടുംബത്തിലെ പുരുഷന്‍മാരെ ആശ്രയിക്കുന്നു. സാമ്പത്തിക തീരുമാനങ്ങളിലെ സ്വാശ്രയത്വം സ്‌ത്രീ ശാക്തീകരണത്തിലെ പ്രധാന ഘടകമാണ്.
ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തൊഴില്‍ മേഖലയിലെ സ്‌ത്രീകളുടെ പങ്കാളിത്തം 2.3 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2020ല്‍ 22.8 ശതമാനമായിരുന്നു രാജ്യത്ത് സ്‌ത്രീകളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തം. 2021ല്‍ അത് 25.1 ശതമാനമായി ഉയര്‍ന്നു.
സ്‌ത്രീകളുടെ വരുമാനശേഷി ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ സ്‌ത്രീകളുടെ സാമ്പത്തിക കാര്യങ്ങളിലുള്ള അവബോധം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാന്‍ സ്‌ത്രീകള്‍ക്ക് സാധിക്കണം.
വരുമാനം ഉറപ്പ് നല്‍കുന്ന പോളിസികള്‍ അഭികാമ്യം: സ്‌ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാന്‍ സഹായിക്കുന്ന ഒരു നല്ല നിക്ഷേപ പദ്ധതിയാണ് ഒരു നിശ്ചിത റിട്ടേണ്‍ ഉറപ്പ് നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍. ഒരൊറ്റ സാമ്പത്തിക പദ്ധതിയില്‍ നിന്ന് രണ്ട് തരത്തിലുള്ള നേട്ടം ലഭിക്കുന്ന പദ്ധതിയാണ് ഇത്.
അതായത് ലൈഫ് ഇന്‍ഷുറന്‍സും ഒരു നിശ്ചിത വരുമാനവും ഈ പദ്ധതി ഉറപ്പ് നല്‍കുന്നു. സുരക്ഷിതമായ ഒരു നിക്ഷേപമാണെന്നുള്ളതും ഇത്തരം ഇന്‍ഷുറന്‍സ് പോളിസിയുടെ നേട്ടമാണ്. പുതുതായി നിക്ഷേപം നടത്തുന്നവര്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള പദ്ധതിയാണിത്.
ദീര്‍ഘകാല പോളിസികളില്‍ നിക്ഷേപിക്കാന്‍ പല സ്‌ത്രീകളും താല്‍പര്യപ്പെടുന്നില്ല. ഇടക്കാലത്ത് തങ്ങളുടെ വരുമാനം നിലയ്‌ക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം. അത്തരം ആശങ്കയുള്ള സ്‌ത്രീകള്‍ക്ക് ഒറ്റ പ്രീമിയം കൊണ്ട് തന്നെ വരുമാനം ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പൊളിസിയില്‍ ചേരാവുന്നതാണ്.
പല സ്‌ത്രീകളും വിരമിക്കല്‍ ജീവിതം സുഖപ്രദമാക്കാന്‍ വേണ്ടിയുള്ള നിക്ഷേപ പദ്ധതികളില്‍ ചേരുന്നതില്‍ അലംഭാവം കാണിക്കാറുണ്ട്. വിരമിച്ചതിന് ശേഷം മുപ്പത് വര്‍ഷ കാലത്തേക്കെങ്കിലുമുള്ള ജീവിത ചെലവിനായുള്ള തുക നമ്മള്‍ ഉറപ്പാക്കണം. അതിന് വേണ്ടിയാണ് ജോലി ചെയ്യുന്ന സമയത്തെ നിക്ഷേപം. ഒരു നിശ്ചിത വരുമാനം ഉറപ്പ് നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ ഇതിന് നിങ്ങളെ സഹായിക്കുന്നു.