ഹൈദരാബാദ് : ഒരു വസ്‌തുവിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് അതിന്‍റെ ആധാരം. വസ്‌തു ആരുടെ പേരിലാണോ നിലവിലുള്ളത്, ആരില്‍ നിന്നാണോ വാങ്ങിയത് തുടങ്ങി സ്ഥലത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍പ്പെട്ട ആധികാരിക രേഖയാണ് ആധാരം. എല്ലാത്തരം റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾ നടത്തുന്നതിനും ഒറിജിനൽ പ്രോപ്പർട്ടി രേഖകൾ അത്യാവശ്യമാണ്.
ഭൂമി ഇടപാടുകൾ നടത്തുമ്പോൾ പ്രോപ്പർട്ടി രജിസ്ട്രേഷൻ നടത്തണം. വസ്‌തുവിന്‍റെ ഉടമസ്ഥാവകാശം ആധാരത്തിലൂടെയാണ് കൈമാറ്റം ചെയ്യുന്നത്. വസ്‌തുവിന്‍റെ യഥാര്‍ഥ ആധാരം കൈമാറ്റം നടത്തിയിട്ടില്ലെങ്കിൽ ഇടപാടുകൾ സാധ്യമാവില്ല.
ഒരു വസ്‌തുവിന്‍റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖ കൂടിയാണ് ആധാരം. എന്നാല്‍ ഇത് നഷ്‌ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്യല്‍ : ആധാരം നഷ്‌ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്യുക എന്നതാണ്. എഫ്ഐആറിൽ വസ്‌തുവിന്‍റെ രേഖ നഷ്‌ടപ്പെട്ടതായോ മോഷ്‌ടിക്കപ്പെട്ടതായോ സൂചിപ്പിക്കണം. എന്നാൽ പിന്നീട് ഭൂമി സംബന്ധമായ എന്തങ്കിലും പ്രശ്‌നം വന്നാൽ എഫ്ഐആറിന്‍റെ പകർപ്പ് ഉപയോഗിക്കാം.
നിങ്ങളുടെ പരാതിയിൽ പൊലീസിന് യഥാർഥ രേഖ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സ്‌റ്റേഷനിൽ നിന്ന് നോൺ-ട്രേസബിൾ സർട്ടിഫിക്കറ്റ് (എൻടിസി) നൽകും. യഥാര്‍ഥ രേഖ നഷ്‌ടപ്പെട്ടതായി കാണിക്കാൻ ആവശ്യമായ രേഖയാണ് എൻടിസി. വസ്‌തുവിന്‍റെ ഡ്യൂപ്ലിക്കേറ്റ് ആധാരം ലഭിക്കുന്നതിന് നോൺ - ട്രേസബിൾ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
പത്രത്തിൽ പരസ്യം ചെയ്യുക : എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത ശേഷം ആധാരം നഷ്‌ടപ്പെട്ട വിവരം പത്രത്തിൽ അറിയിപ്പായി പരസ്യം ചെയ്യണം. കുറഞ്ഞത് രണ്ട് പത്രങ്ങളിലെങ്കിലും പരസ്യം നല്‍കണം. ഒന്ന് ഇംഗ്ലീഷിലും മറ്റൊന്ന് പ്രാദേശിക ഭാഷയിലുള്ള പത്രത്തിലും നൽകാം. വസ്‌തുവിന്‍റെ കാര്യങ്ങള്‍, നഷ്‌ടപ്പെട്ട രേഖകളെ കുറിച്ചുള്ള വിവരങ്ങൾ, നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ അറിയിപ്പിലുണ്ടാകണം.
ഇതുസംബന്ധിച്ച് ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ, പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം അറിയിക്കാവുന്നതാണ് എന്നും പരാമര്‍ശിക്കേണ്ടതുണ്ട്. ഈ പരസ്യം നൽകുന്നതിന് വ്യക്തമായ കാരണങ്ങൾ വിശദീകരിക്കുന്ന നോട്ടറൈസ്‌ഡ് സത്യവാങ്മൂലവും ഒരു വക്കീലിന്‍റെ കത്തും നൽകണം.
ഫ്ലാറ്റിലാണ് താമസിക്കുന്നതെങ്കിൽ ഷെയർ സർട്ടിഫിക്കറ്റ് വേണം : നിങ്ങൾ ഫ്ലാറ്റിലോ അപ്പാർട്ട്മെന്‍റിലോ ആണ് താമസിക്കുന്നതെങ്കിൽ ഹൗസിങ് സൊസൈറ്റിയായിരിക്കും നിങ്ങളുടെ ഷെയർ സംബന്ധിച്ച പ്രമാണം നൽകുക. പ്രമാണം വീണ്ടും ലഭിക്കുന്നതിന് ഹൗസിങ് സൊസൈറ്റിയിൽ വീണ്ടും അപേക്ഷ നൽകണം. റസിഡന്‍റ് വെൽഫെയർ അസോസിയേഷനിൽ (RWA) നിന്ന് ഡ്യൂപ്ലിക്കേറ്റ് ഷെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എഫ്ഐആറിന്‍റെയും പത്രത്തിൽ അച്ചടിച്ച നോട്ടിസിന്‍റെയും പകർപ്പുകൾ ആവശ്യമാണ്.
നിങ്ങൾ അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ രേഖകൾ പരിശോധിക്കുന്നതിനായി റസിഡന്‍റ് വെൽഫെയർ അസോസിയേഷൻ ഒരു മീറ്റിങ് ക്രമീകരിക്കും. പരിശോധനയിൽ നിങ്ങളുടെ രേഖകൾ സത്യസന്ധമാണെന്ന് വ്യക്തമായാൽ നിങ്ങൾക്കൊരു ഡ്യൂപ്ലിക്കേറ്റ് ഷെയർ സർട്ടിഫിക്കറ്റ് നൽകും.
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകാം : ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന് മുമ്പ്, 10 രൂപയുടെ നോൺ ജുഡീഷ്യൽ സ്‌റ്റാമ്പ് പേപ്പറിൽ രേഖകൾ നഷ്‌ടപ്പെട്ടത് സംബന്ധിച്ച സത്യവാങ്മൂലം നോട്ടറൈസ് ചെയ്യണം. ഇതിൽ എഫ്‌ഐആർ നമ്പർ, നഷ്‌ടപ്പെട്ട രേഖകളുടെ വിശദാംശങ്ങൾ, പത്രങ്ങളിൽ പ്രസിദ്ധീകരിച്ച അറിയിപ്പിന്‍റെ പകർപ്പ്, അറിയിപ്പ് പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ വിശ്വാസ്യത സംബന്ധിച്ച വക്കീൽ സർട്ടിഫിക്കറ്റ്, അപേക്ഷ നൽകാനുള്ള കാരണം എന്നിവ രേഖപ്പെടുത്തണം.
നോട്ടറി ഇത് സാക്ഷ്യപ്പെടുത്തിയ ശേഷം സബ്-രജിസ്ട്രാർ ഓഫിസിൽ ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷ സമർപ്പിക്കാം. 7മുതൽ 10 വരെ പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ആധാരത്തിന്‍റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കും.