ന്യൂഡല്‍ഹി: പുതിയ തലമുറ ഇലക്‌ട്രിക് എസ്‌യുവി (സ്പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍) അവതരിപ്പിച്ച് ടാറ്റ മോട്ടേഴ്‌സ്. 2025 മുതല്‍ വാഹനം പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ടാറ്റ പാസഞ്ചര്‍ ഇലക്‌ട്രിക് മൊബിലിറ്റിയുടെ (ടിപിഇഎം) ഇലക്‌ട്രിക് വാഹന നിര്‍മാണത്തിലെ നാഴികക്കല്ലായിരിക്കും ഇതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
'അവിന്യ' എന്നാണ് പുതുതലമുറ ഇലക്‌ട്രിക് വാഹനങ്ങളുടെ രൂപകല്‍പ്പനയ്‌ക്ക് കമ്പനി പേരിട്ടിരിക്കുന്നത്. നവീകരണം എന്നാണ് അവിന്യ എന്ന സംസ്‌കൃത പദത്തിന്‍റെ അര്‍ഥം. ടിപിഇഎം ഇറക്കുന്ന ഇലക്‌ട്രിക് എസ്‌യുവി 30 മിനിട്ട് ചാര്‍ജ് ചെയ്‌താല്‍ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ കഴിയും. നിര്‍മിത ബുദ്ധി, ആധുനിക സോഫ്റ്റ്‌വയര്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും വാഹനം പ്രവര്‍ത്തിക്കുക.
ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബാറ്ററികളാണ് ഇതിന്‍റെ പ്രത്യേകത. വണ്ടികള്‍ നശിച്ചാലും ബാറ്ററികള്‍ നിലനില്‍ക്കുന്ന തരത്തിലായിരിക്കും രൂപകല്‍പ്പന. വാട്ടര്‍ പ്രൂഫിങ്, പൊടിപടലങ്ങളില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയ സാങ്കേതിക വിദ്യയുമുണ്ടാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കുന്നതിലൂടെ പ്രകൃതി സൗഹൃദമായ വാഹനമാണ് ഇതെന്ന് എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
ഹരിത സഞ്ചാരം എന്നുള്ള ആശയമാണ് ടാറ്റ പാസഞ്ചര്‍ ഇലക്‌ട്രിക് മൊബിലിറ്റിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ശുദ്ധമായ' ഇലക്‌ട്രിക് വാഹനമായിരിക്കും ഇത് ( അതായത് ഇലക്ട്രിക് ബാറ്ററി മാത്രമായിരിക്കും ഇതിനെ ചലിപ്പിക്കുന്നത്. കമ്പസ്‌റ്റ്യന്‍ എന്‍ജിന്‍ ഉണ്ടാവില്ല). ലോക വിപണിയെ ലക്ഷ്യം വച്ചിട്ടാണ് വണ്ടി പുറത്തിറക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്‌തമാക്കി. മധ്യവര്‍ഗത്തിന് വാങ്ങാന്‍ ശേഷിയുള്ള വിലയായിരിക്കും കാറിനെന്നും അധികൃതര്‍ വ്യക്തമാക്കി.