മുന്നറിയിപ്പുകള്‍ എത്ര നല്‍കിയാലും അവയെല്ലാം അവഗണിച്ച് ഡിജിറ്റല്‍ ആപ്പിലൂടെ വായ്‌പകളെടുത്ത് പ്രശ്‌നങ്ങളില്‍പ്പെടുന്നവരുടെ എണ്ണം സമൂഹത്തില്‍ അധികരിച്ചിരിക്കുകയാണ്. ചെലവ് വരവിനെക്കാള്‍ അധികമായത് കൊണ്ടാണ് ജനങ്ങള്‍ എളുപ്പം ഇത്തരം ആപ്പുകളുടെ കെണിയില്‍പ്പെടും. ചെറുകിട വായ്‌പകൾ തൽക്ഷണം നൽകിക്കൊണ്ട് നിരവധി ഡിജിറ്റല്‍ ലോണ്‍ ആപ്പുകളും നിരവധി പുതിയ സ്ഥാപനങ്ങളുമാണ് ഇപ്പോള്‍ നമുക്കിടയില്‍ മുളച്ച് പൊന്തുന്നത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ തിരക്കിട്ട് വായ്‌പ തേടുന്നവരാകട്ടെ പലിശ നിരക്കിനെ പറ്റിയൊന്നും അധികം ചിന്തിക്കാറുമില്ല. ഇത്തരക്കാരെ ലക്ഷ്യം വച്ചാണ് ഈ സ്ഥാപനങ്ങളും ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കുന്നത്. അമിത പലിശ നിരക്ക്, അമിതമായ തിരിച്ചടവ് തവണകള്‍ എന്നിവയാണ് ഇത്തരം ആപ്ലിക്കേഷന്‍റെ പ്രത്യേകതകള്‍. വായ്‌പകള്‍ ആവശ്യപ്പെട്ട് നമ്മള്‍ അങ്ങോട്ട് ചെന്നില്ലെങ്കിലും കുറഞ്ഞ നിരക്കില്‍ വായ്‌പ നല്‍കാമെന്ന് പറഞ്ഞ് ജനങ്ങളെ ഫോണിലൂടെയോ ഓണ്‍ലൈനികളിലൂടെയോ സമീപിക്കും.
ഇത്തരത്തിലുള്ള അനധികൃത വായ്‌പ സ്ഥാപനങ്ങള്‍ കാരണം നിരവധി പേരാണ് ഇന്ന് മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇരയാകുന്നത്. 3000 മുതല്‍ 3 ലക്ഷം രൂപ വരെ ഇത്തരം ആപ്പുകളിലൂടെ വായ്‌പയെടുക്കാന്‍ സാധിക്കും. വായ്‌പ നല്‍കിയതിന് ശേഷം തിരിച്ചടക്കാന്‍ ഇരട്ടി തുക വേണ്ട അവസ്ഥയാണ്. അതിന് കാരണമാകുന്നത് ഈടാക്കുന്ന അമിത പലിശ തന്നെയാണ്. മാത്രമല്ല സാധാരണ വായ്‌പകളെ അപേക്ഷിച്ച് തിരിച്ചടവ് കൂടുതല്‍ തവണകളുണ്ടാകും.
കൊവിഡിന് ശേഷം പലരുടെയും സാമ്പത്തിക ആവശ്യങ്ങള്‍ ഗണ്യമായി വര്‍ധിച്ചു. അതാണ് ഇത്തരം ആപ്പുകള്‍ കൂടുതലായി തലപൊക്കാന്‍ കാരണമായതും. മൊബൈലുകളില്‍ ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌ത് വായ്‌പകളെടുക്കുന്നവര്‍ക്ക് തിരിച്ചടവ് മുടങ്ങിയാല്‍ പിന്നെ വലിയ തുകയായിരിക്കും തിരിച്ചടക്കേണ്ടി വരിക. കൃത്യമായി തിരിച്ചടവ് മുന്നോട്ട് കൊണ്ട് പോയാലും അമിത പലിശ കാരണം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെടാനും സാധ്യതകളേറെയാണ്. മാത്രമല്ല ഈ ആപ്പുകള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഫോണിലെ കോണ്‍ടാക്‌റ്റുകള്‍, ഫോട്ടോകള്‍ വീഡിയോകള്‍ മറ്റ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഹാക്ക് ചെയ്യാനുമുള്ള കഴിവുള്ളവയാണ്.
ഇത്തരം വിവരങ്ങളും ഫോട്ടോകളും പിന്നീട് ഭീഷണിപ്പെടുത്തലുകള്‍ക്ക് ഇത്തരക്കാര്‍ സഹായകമാകും.
വായ്‌പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ആപ്പുകളിലൂടെ വായ്‌പയെടുക്കുന്നവര്‍ ഡിജിറ്റല്‍ ആപ്പുകളുടെ ട്രാക്ക് റെക്കോഡുകള്‍ പൂര്‍ണമായും പരിശോധിക്കണം. ഇന്ത്യയിൽ വായ്‌പ നൽകുന്ന മുഴുവന്‍ സ്ഥാപനങ്ങൾക്കും ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അംഗീകാരം ഉണ്ടായിരിക്കണം അല്ലെങ്കിൽ ആർബിഐ അംഗീകൃത ധനകാര്യ സ്ഥാപനവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഡിജിറ്റൽ ലോണുകൾ എടുക്കുമ്പോൾ ബന്ധപ്പെട്ട ആപ്പിന് ആർബിഐ അംഗീകാരമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം.
അതത് സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളും ആർബിഐ വെബ്സൈറ്റിൽ പരിശോധിക്കാം. ഇത്തരം വായ്‌പകള്‍ ലഭിക്കുന്നതിന് രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ആപ്പില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കും. അത്തരം ആപ്പുകള്‍ തീര്‍ച്ചയായും വഞ്ചനാപരമാണ്.
മൊബൈലിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നതിനാല്‍ തന്നെ അത്തരം വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകൾ തുടങ്ങിയവ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടേക്കും. വായ്‌പയെടുക്കുന്നതിന് മുമ്പ് പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, പിഴ പലിശ തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും കൃത്യമായി സൂക്ഷമ പരിശോധന നടത്തുക.
ലോണ്‍ ആപ്പുകളുടെ വിവരങ്ങളും ബാങ്കുകളുമായോ ബാങ്കിങ് ഇതര ധനകാര്യ കമ്പനികളുമായോ ബന്ധമുണ്ടോയെന്നും പരിശോധിക്കുക. വായ്‌പ നല്‍കുന്നതിന് മുമ്പ് പ്രോസസിങിനും മറ്റുമായി ഫീസുകളോ ഒരിക്കലും നല്‍കാതിരിക്കുക. ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം ഡിജിറ്റല്‍ വായ്‌പ ആപ്പുകളുടെ കെണികളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും.