യുകെ: റിഷി സുനക് ബ്രിട്ടന്‍ പ്രധാനമന്ത്രിയായത് തന്‍റെ മകള്‍ അക്ഷത മൂര്‍ത്തി കാരണമെന്ന് സുധ മൂര്‍ത്തി. തന്‍റെ മകള്‍ കാരണം റിഷി സുനക് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറിയെന്ന് പറയുന്ന സുധ മൂര്‍ത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. '' ഞാന്‍ എന്‍റെ ഭര്‍ത്താവിനെ ബിസിനസുകാരനാക്കി. എന്‍റെ മകള്‍ അവളുടെ ഭര്‍ത്താവിനെ യുകെയുടെ പ്രധാനമന്ത്രിയാക്കി''എന്നാണ് സുധ മൂര്‍ത്തി വീഡിയോയില്‍ പറയുന്നത്.
റിഷി സുനകിന്‍റെ ഈ വിജയത്തിന് പിന്നില്‍ ഭാര്യയുടെ മഹത്വം തന്നെയാണെന്ന് സുധ പറഞ്ഞു. 2009 ലാണ് ഇരുവരും വിവാഹിതരായിത്. തുടര്‍ന്നുണ്ടായ വര്‍ഷങ്ങളില്‍ അതിവേഗത്തിലാണ് റിഷി സുനക് പ്രധാനമന്ത്രി സ്ഥാനം പിടിച്ചടക്കിയത്. ലോകത്തിലെ ശതകോടീശ്വരന്മാരില്‍ ഒരാളുടെ മകളും ഏകദേശം 730 മില്യണ്‍ പൗണ്ടിന്‍റെ സമ്പത്തുമുള്ള അക്ഷത മൂര്‍ത്തി ശക്തയായ ഒരു സ്‌ത്രീയാണെന്നും സുധ മൂര്‍ത്തി വീഡിയോയില്‍ പറയുന്നുണ്ട്.
അക്ഷത മൂർത്തിയുടെ പിതാവ് നാരായണ മൂർത്തി ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്മാരിൽ ഒരാളും ഇൻഫോസിസ് ടെക് കമ്പനിയുടെ സ്ഥാപകനുമാണ്". സുനക് ആകട്ടെ 42ാം വയസില്‍ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണെന്നും സുധ പറഞ്ഞു. റിഷി സുനകിന്‍റെ വിജയത്തിന് പിന്നിലുണ്ടായ തന്‍റെ മകളുടെ സ്വാധീനത്തെ കുറിച്ച് സുധ മൂര്‍ത്തി വീഡിയോയില്‍ വ്യക്തമാക്കി.
സുനകിന്‍റെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തിയയാളാണ് അക്ഷത മൂര്‍ത്തി, പ്രത്യേകിച്ചും ഭക്ഷണ കാര്യങ്ങളില്‍. എല്ലാ വ്യാഴാഴ്‌ചയും കുടുംബം വ്രതം അനുഷ്‌ഠിക്കാറുണ്ടെന്നും അത് വളരെക്കാലം മുമ്പ് മുതലുള്ള പാരമ്പര്യമാണെന്നും സുധ മൂര്‍ത്തി വ്യക്തമാക്കി. റിഷി സുനകിന്‍റെ പൂര്‍വ്വികര്‍ അടക്കമുള്ള കുടുംബം 150 വര്‍ഷമായി ഇംഗ്ലണ്ടിലാണ് ജീവിക്കുന്നത്. എന്നാല്‍ അവര്‍ മത വിശ്വാസത്തെ മുറുകെ പിടിക്കുന്നവരുമാണെന്നും സുധ മൂര്‍ത്തി പറഞ്ഞു.
1980ല്‍ പഞ്ചാബിലാണ് റിഷി സുനക് ജനിച്ചത്. ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും തുടര്‍ന്ന് ബ്രിട്ടണിലേക്കും കുടിയേറുകയായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബം.
ലിസ് ട്രസിന്‍റെ പടിയിറക്കം റിഷി സുനകിന് സമ്മാനിച്ചത് പ്രധാനമന്ത്രി സ്ഥാനം: കഴിഞ്ഞ ഒക്‌ടോബറിലാണ് റിഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനം കൈയടക്കിയത്. ഏറെ കുറഞ്ഞ കാലയളവില്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ച ലിസ് ട്രസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് റിഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിയൊരുങ്ങിയത്. രാജ്യത്ത് നേരിടേണ്ടി വന്‍ സാമ്പത്തിക പ്രതിസന്ധി മറി കടക്കാന്‍ ലിസ്ട്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങളിലുണ്ടായ താളപ്പിഴകളാണ് ലിസിന്‍റെ രാജിയിലേക്ക് നയിച്ചത്.
തെരഞ്ഞെടുപ്പില്‍ റിഷി സുനകിന് ശക്തരായ എതിരാളികളുണ്ടായിരുന്നെങ്കിലും 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ ഉറപ്പിക്കാനായത് റിഷി സുനകിന് മാത്രമായിരുന്നു. ബോറിസ് ജോണ്‍സണും ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെന്നി മോര്‍ഡൗണ്ടുമായിരുന്നും തെരഞ്ഞെടുപ്പില്‍ റിഷി സുനകിന്‍റെ എതിരാളികള്‍.