2023ല്‍ പല പുതിയ തീരുമാനങ്ങളും എടുത്തവരുണ്ടാകാം. സാമ്പത്തിക തീരുമാനങ്ങൾ അവലോകനം ചെയ്യാനും പ്രായോഗികമാക്കാനുമുള്ള സമയമാണിത്. നമ്മുടെ കഴിഞ്ഞ വർഷത്തെ ആശയങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ സാമ്പത്തിക ആസൂത്രണങ്ങൾ നടപ്പാക്കുക എന്നത് പ്രധാനമാണ്.
ഏത് നിമിഷവും എന്ത് സംഭവിക്കുമെന്ന് നമുക്കറിയില്ല. എല്ലാം നേരിടാൻ തയ്യാറാകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും അപ്രതീക്ഷിത ചെലവുകൾക്കായി അടിയന്തര ഫണ്ട് സമാഹരിച്ചുകൊണ്ട് നീക്കിയിരിപ്പ് ആരംഭിക്കുക. സേവിംഗ്‌സ് അക്കൗണ്ട് (savings account), ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ (liquid mutual fund), ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ (fixed deposit) എന്നിവ ചേർന്നതായിരിക്കണം നിങ്ങളുടെ എമർജൻസി ഫണ്ട്.
കാലതാമസം വേണ്ട: നിക്ഷേപത്തെക്കുറിച്ച് തീരുമാനമെടുക്കാൻ വൈകുകയോ മാറ്റിവയ്‌ക്കുകയോ ചെയ്യരുത്. ഒരു നിക്ഷേപം എത്രത്തോളം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും ലാഭം. എങ്കിൽ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്‌ടിക്കാനാകൂ. കുറഞ്ഞത് 5-10 ശതമാനം നിക്ഷേപം വർധിപ്പിക്കുക. നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ ഇത് സഹായിക്കും.
നികുതി ആസൂത്രണം പ്രധാനം; സാമ്പത്തിക വർഷത്തിന്‍റെ തുടക്കം മുതൽ നികുതി ഇളവിന് അനുയോജ്യമായ പദ്ധതികൾ സ്വീകരിക്കണം. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നിങ്ങൾ എന്ത് നിക്ഷേപമാണ് നടത്തിയതെന്ന് പരിശോധിക്കുക. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി മൂന്ന് മാസമാണ് ബാക്കിയുള്ളത്. ഈ സമയത്തിനുള്ളിൽ നിക്ഷേപം പൂർത്തിയാക്കണം. 2023 ഏപ്രിൽ മുതൽ നികുതി ലാഭിക്കൽ പദ്ധതികളിൽ എല്ലാ മാസവും നിക്ഷേപിക്കുന്നത് ശീലമാക്കുക.
ദീർഘകാല ശ്രദ്ധ അനിവാര്യം: നിക്ഷേപങ്ങൾക്ക് എല്ലായ്‌പ്പോഴും ദീർഘകാല ശ്രദ്ധ ഉണ്ടായിരിക്കണം. ഓഹരികൾ ഇടിയുമ്പോൾ, ചിലർ ഉത്കണ്‌ഠപ്പെടുന്നു. വികാരങ്ങളും ഭയവും സാമ്പത്തിക പദ്ധതികളെ തടസ്സപ്പെടുത്തുന്നു. വിപണിയിൽ വിജയിക്കാൻ, സ്ഥിരമായി നിക്ഷേപം തുടരുക. കൈവരിക്കാവുന്ന ലക്ഷ്യങ്ങൾ ഉണ്ടാക്കുക. ആവശ്യമായ മാറ്റങ്ങൾ വരുത്തുക. അതിനനുസരിച്ച് നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുക. ഡെബിറ്റ്, ഹൈബ്രിഡ് പ്ലാനുകൾ തുടങ്ങിയ ഹ്രസ്വകാല നിക്ഷേപങ്ങൾ 5 വർഷത്തിൽ താഴെയുള്ള ലക്ഷ്യങ്ങൾക്ക് നല്ലതാണ്. കാലാവധി അഞ്ച് വർഷത്തിൽ കൂടുതലാണെങ്കിൽ മാത്രമേ ഇക്വിറ്റി ഫണ്ടുകൾക്ക് അനുയോജ്യമാകൂ.
ഇക്വിറ്റി, കടം, സ്വർണം, റിയൽ എസ്റ്റേറ്റ്, അന്താരാഷ്ട്ര ഫണ്ടുകൾ എന്നിവ ഉൾപ്പെടുന്ന തരത്തിൽ നിക്ഷേപങ്ങൾ വൈവിധ്യവത്കരിക്കണം. നിങ്ങളുടെ റിസ്‌ക് ടോളറൻസ് അനുസരിച്ച് ഓരോ മേഖലയിലും എത്ര തുക നിക്ഷേപിക്കണമെന്ന് ശ്രദ്ധാപൂർവ്വം തീരുമാനിക്കുക. നിങ്ങളുടെ നിക്ഷേപങ്ങളുടെ പ്രകടനം എപ്പോഴും ഒരുപോലെ ആയിരിക്കില്ല. ചിലത് പ്രതീക്ഷിച്ച ഫലം നൽകണമെന്നില്ല.
ഇൻഷുറൻസ് പോളിസികൾ അവലോകനം ചെയ്യുക: നിങ്ങളുടെ ഇൻഷുറൻസ് പോളിസികൾ അവലോകനം ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ മുഴുവൻ കുടുംബത്തിന്‍റെയും മൊത്തത്തിലുള്ള സാമ്പത്തിക സുരക്ഷയ്ക്കായി ഒരു ടേം പോളിസി എടുക്കുക. കുറഞ്ഞത് 1000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുക. ചെറുപ്രായത്തിൽ പോളിസി എടുക്കുന്നത് കുറഞ്ഞ പ്രീമിയത്തിൽ ലഭിക്കാൻ സഹായിക്കും.