മുംബൈ : രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്‌ബിഐ, മാര്‍ജിനല്‍ കോസ്‌റ്റ് ഓഫ് ലെന്‍ഡിങ് (എംസിഎല്‍ആര്‍) അടിസ്ഥാനപ്പെടുത്തിയുള്ള വായ്‌പകളുടെ പലിശ വര്‍ധിപ്പിച്ചു. ഇത്തരം വായ്‌പകളുടെ പലിശ 0.1 ശതമാനമാണ് കൂട്ടിയത്. രാജ്യത്തെ മറ്റ് വാണിജ്യ ബാങ്കുകളും വായ്‌പാനിരക്ക് വരും ദിവസങ്ങളില്‍ ഉയര്‍ത്താനാണ് സാധ്യത.
എംസിഎല്‍ആര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വായ്‌പകളുടെ ഇഎംഐ വര്‍ധിക്കുമെങ്കിലും ഇബിഎല്‍ആര്‍(External Benchmark Lending Rate) ആര്‍എല്‍എല്‍ആര്‍(repo-linked lending rate) എന്നിവയെ അധികരിച്ചുള്ള വായ്‌കളുടെ പലിശയില്‍ മാറ്റമുണ്ടാകില്ല. ഇബിഎല്‍ആര്‍, ആര്‍എല്‍എല്‍ആര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വായ്‌പകളിന്‍മേല്‍ ബാങ്കുകള്‍ ക്രെഡിറ്റ് റിസ്‌ക് പ്രീമിയം ചുമത്തുന്നുണ്ട്. പുതുക്കിയ എംസിഎല്‍ആര്‍ നിരക്ക് ഏപ്രില്‍ 15 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും.
ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 7 ശതമാനത്തില്‍ നിന്ന് 7.10 ശതമാനമായി ഉയരും. ഭൂരിഭാഗം വായ്‌പകളുടേയും പലിശ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്കിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ഒരു മാസത്തേയും മൂന്ന് മാസത്തേയും എംസിഎല്‍ആര്‍ നിരക്കുകള്‍ 6.75 ശതമാനമായാണ് ഉയര്‍ത്തിയത്. ആറ് മാസത്തെ എംസിഎല്‍ആര്‍ 7.05 ശതമാനമായാണ് കൂട്ടിയത്.
2019 ഒക്‌ടോബര്‍ 1 മുതല്‍ എല്ലാ ബാങ്കുകളും ആര്‍ബിഐയുടെ റിപ്പോ റേറ്റ്, ട്രഷറി ബില്‍ യീല്‍ഡ് തുടങ്ങിയ ബെഞ്ച്മാര്‍ക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് പലിശ നിശ്ചയിക്കേണ്ടത്. റിസര്‍വ് ബാങ്കിന്‍റെ പണനയ തീരുമാനം താഴെ തട്ടില്‍ നടപ്പിലാവാനാണ് ഇത്തരമൊരു തീരുമാനം റിസര്‍വ് ബാങ്ക് എടുത്തത്.