ന്യൂഡൽഹി: രാജ്യത്ത് 3BHK വീടുകളുടെ ആവശ്യം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ഭവനവായ്‌പയുടെ പലിശ നിരക്ക് 9.5 ശതമാനത്തിന് മുകളിൽ വർധിക്കുന്നത് വീടുകളുടെ വിൽപ്പനയിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് സർവേ. ഇൻഡസ്ട്രി ബോഡി CII-Anarock നടത്തിയ സർവേയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. സർവേയിൽ പങ്കെടുത്തതിൽ 44% പേർ 3BHK വീടുകൾ ഇഷ്‌ടപ്പെടുമ്പോൾ 38% പേരാണ് 2BHK വീടുകളിൽ താത്പര്യം പ്രകടിപ്പിച്ചത്.
സർവേയുടെ 2021 പതിപ്പിൽ, 46% പേർ 2BHK വീടുകൾ തെരഞ്ഞെടുത്തപ്പോൾ 40% പേരായിരുന്നു 3BHKയിൽ താൽപര്യം പ്രകടിപ്പിച്ചത്. ഇത്തവണ 2022 ജനുവരിക്കും ജൂണിനും ഇടയിൽ നടത്തിയ സർവേയിൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി 5,500 പേരാണ് വോട്ടെടുപ്പ് നടത്തിയത്. അതുപോലെ 4BHK വീടുകളുടെ ആവശ്യം കൊവിഡിന് മുൻപ് നടത്തിയ സർവേയിൽ 2% ആയിരുന്നെങ്കിൽ ഇപ്പോൾ അത് 7% ആയി മാറിയിട്ടുണ്ട്.
കൂടാതെ വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ ഉയർന്ന പണപ്പെരുപ്പം വലിയ ആശങ്ക ഉണർത്തുന്നുവെന്നും സർവെയിൽ വ്യക്‌തമാക്കുന്നു. പങ്കെടുത്ത 61 ശതമാനം പേർ പണപ്പെരുപ്പം തങ്ങളുടെ ഡിസ്‌പോസബിൾ വരുമാനത്തെ ബാധിച്ചെന്ന് വ്യക്‌തമാക്കി. സർവേയിൽ പങ്കെടുത്ത 92 ശതമാനത്തോളം പേർ രാജ്യത്തെ സമ്പത്ത് വ്യവസ്ഥ നിലവിലെ നിലവാരത്തിൽ തന്നെ തുടരുമെന്നും 12 മാസത്തിനുള്ളിൽ നേരിയ തേതിൽ മെച്ചപ്പെടുമെന്നും പ്രവചിക്കുന്നു.
അതേസമയം 1.5 കോടി രൂപയിലധികം വിലയുള്ള വീടുകളുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് സിഐഐ റിയൽ എസ്റ്റേറ്റ് നോളജ് സെഷൻ ചെയർമാനും അനറോക്ക് ഗ്രൂപ്പ് ചെയർമാനുമായ അനുജ് പുരി പറഞ്ഞു. കൊവിഡിന് മുമ്പുള്ള 2019ലെ സർവേയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരത്തിലുള്ള വീടുകൾ താത്പര്യപ്പെടുന്നവരുടെ വോട്ട് വിഹിതത്തിൽ 4% വർധനവുണ്ടായിട്ടുണ്ട്. ആഡംബര വീടുകൾക്ക് ആവശ്യം വർധിക്കുന്നതും ഇതിന് കാരണമായി.
READ MORE: കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതക്ക് നിക്ഷേപം നേരത്തെ തുടങ്ങാം
2022ൽ രാജ്യത്തെ ഏഴ് മുൻനിര നഗരങ്ങളിൽ 1.5 കോടി രൂപയോ അതിനുമുകളിലോ ഉള്ള 33,210 യൂണിറ്റുകൾ ലോഞ്ച് ചെയ്‌തതായി അനറോക്ക് ഗ്രൂപ്പിന്‍റെ ഡാറ്റ വ്യക്‌തമാക്കുന്നു. അതേസമയം 2019ൽ ഇത് വെറും 16,110 യുണിറ്റുകൾ മാത്രമായിരുന്നു. അതേസമയം സർവേയിൽ പങ്കെടുത്ത നിക്ഷേപകരിൽ പകുതിയിലധികം പേരും നിലവിലെ ഭവന വിപണി 12 മാസം മുമ്പുള്ളതിനേക്കാൾ മികച്ച നിക്ഷേപ നിർദ്ദേശമാണെന്നും അഭിപ്രായപ്പെടുന്നുണ്ട്.