ഹൈദരാബാദ്: ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വായ്‌പയെടുക്കുന്നവരിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായി വായ്‌പ നൽകുന്ന സ്ഥാപനങ്ങൾ പാലിക്കേണ്ട പുതിയ നിയമങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ വായ്‌പ ഇടപാടിൽ വഞ്ചന, കൊള്ളയടിക്കൽ, അമിത പലിശ ശേഖരണം, വ്യക്തിഗത വിവരങ്ങൾ മോഷ്‌ടിക്കൽ തുടങ്ങിയ സംഭവങ്ങൾ റെഗുലേറ്ററി ബോഡി കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് ആർബിഐ പുതിയ നിയമങ്ങൾ മുന്നോട്ട് വെച്ചത്.
പുതിയ നിയമങ്ങൾ അനുസരിച്ച് വായ്‌പ നൽകുന്ന ഒരു സ്ഥാപനത്തിന് ഇ-കെവൈസി പൂർത്തിയാക്കിയതിന് ശേഷം മാത്രമേ സ്വീകർത്താവിന്‍റെ അക്കൗണ്ടിലേക്ക് ഡിജിറ്റൽ ലോൺ തുക നേരിട്ട് നിക്ഷേപിക്കാൻ കഴിയൂ. ചില ലോണ്‍ ആപ്പുകൾ ഇക്കാര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ട്. അതിനാൽ ഡിജിറ്റൽ വായ്‌പകളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന ആപ്പുകളെ നിയന്ത്രിക്കുക എന്നതാണ് ഈ നിയന്ത്രണത്തിലൂടെ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.
രേഖകൾ ക്രെഡിറ്റ് ഏജൻസിക്ക് നൽകണം: വായ്‌പ എടുക്കുമ്പോൾ ക്രെഡിറ്റ് ബ്യൂറോകൾ ബന്ധപ്പെട്ട എല്ലാ ഡാറ്റയും ശേഖരിക്കുന്നു. തുകയും കാലാവധിയും പരിഗണിക്കാതെ എല്ലാ വായ്‌പകളുടെയും വിശദാംശങ്ങൾ അവർ രേഖപ്പെടുത്തുന്നു. എന്നാൽ ചില ഡിജിറ്റൽ ലോൺ സ്ഥാപനങ്ങൾ ക്രെഡിറ്റ് ബ്യൂറോകൾക്ക് അത്തരം വിശദാംശങ്ങൾ നൽകുന്നില്ല.
സ്ഥിരമായി തിരിച്ചടവ് നടത്തുമ്പോഴും ഈ വിശദാംശങ്ങൾ ക്രെഡിറ്റ് ബ്യൂറോകളിൽ ലഭ്യമല്ല. ഇത് ലോൺ എടുത്തയാളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ ഇനിമുതൽ 'ബൈ നൗ പേ ലേറ്റർ' (ബിഎൻപിഎൽ) സേവനം വാഗ്‌ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ പോലും ഈ വിശദാംശങ്ങൾ സിബിൽ, എക്‌സ്‌പീരിയൻ പോലുള്ള ക്രെഡിറ്റ് ഏജൻസികൾക്ക് നൽകണം.
കൂടാതെ വായ്‌പയുമായി ബന്ധപ്പെട്ട എല്ലാ പേയ്‌മെന്‍റുകളും സുതാര്യമായിരിക്കണമെന്ന് ആർബിഐ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. വായ്‌പ സേവനങ്ങൾ നൽകുന്ന ഇടനിലക്കാർ ചാർജുകളൊന്നും ഈടാക്കരുത്.
ലോണ്‍ നേരത്തെ അടച്ച് തീർക്കാം: വായ്‌പ അനുവദിക്കുന്നതിനുള്ള എല്ലാ ചെലവുകളും അവർ ഒരു പേജിൽ കൈമാറണം. ഇതിൽ പലിശനിരക്കും ഉൾപ്പെടുത്തണം. അതുപോലെത്തന്നെ പുതിയ നിയമം അനുസരിച്ച് ഡിജിറ്റൽ ലോണ്‍ എടുക്കുന്നയാൾക്ക് അധിക ചെലവുകൾ ഇല്ലാതെ തന്നെ ലോണ്‍ കാലാവധി അവസാനിക്കുന്നതിന് മുൻപ് അത് അടച്ച് തീർക്കാൻ സാധിക്കും. ബന്ധപ്പെട്ട കാലയളവിലേക്കുള്ള പലിശ മാത്രം അടച്ചാൽ മതിയാകും.
അനാവശ്യ വിവരങ്ങൾ ശേഖരിക്കരുത്: ഈ സുരക്ഷ മുൻകരുതലുകൾക്ക് പുറമേ, വായ്‌പ നൽകുന്നതിന് ആവശ്യമായ ഡാറ്റ മാത്രം ശേഖരിക്കാൻ കമ്പനികളോട് ആവശ്യപ്പെടുന്ന പുതിയ നിയമവും ആർബിഐ കൊണ്ടുവന്നിട്ടുണ്ട്. കടം വാങ്ങുന്നയാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ വഴി സംഭരിക്കാന്‍ കഴിയില്ല.
കടം കൊടുക്കുന്നയാള്‍ക്ക് വായ്‌പ പ്രോസസ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും അതിന്‍റെ തിരിച്ചടവ് നല്‍കുന്നതിനും ആവശ്യമായ പേര്, വിലാസം, ഉപഭോക്താവിനെ ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ സംഭരിക്കാന്‍ കഴിയും. ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ക്ക് ഫയല്‍, മീഡിയ, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, കോള്‍ ലോഗുകള്‍, ടെലിഫോണ്‍ ഫംഗ്ഷനുകള്‍ തുടങ്ങിയ മൊബൈല്‍ ഫോണ്‍ ഉറവിടങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയില്ലെന്നും മാര്‍ഗ നിര്‍ദ്ദേശത്തിൽ വ്യക്‌തമാക്കുന്നു.
ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ അല്ലെങ്കില്‍ അതിനാവശ്യമായ മറ്റേതെങ്കിലും സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഒറ്റത്തവണ ആക്‌സസ് എടുക്കാം. കടം വാങ്ങുന്നയാളുടെ വ്യക്തമായ സമ്മതത്തോടെ കെവൈസി ആവശ്യകതകള്‍ക്ക് മാത്രമാണ് ആക്‌സസ് ലഭിക്കുകയുള്ളൂ. പുതിയ വായ്‌പകള്‍ എടുക്കുന്ന നിലവിലുള്ള ഉപഭോക്താവിനും പുതിയ ഉപഭോക്താക്കള്‍ക്കും ഇത് ബാധകമാണ്.