മുംബൈ : ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്ന സേവന ദാതാക്കൾക്കും ഉപയോക്താക്കൾക്കും അനുയോജ്യമായ രീതിയിൽ സർവീസ് ചാർജ് പുനഃക്രമീകരിക്കാനൊരുങ്ങി ആർബിഐ. ഇതുമായി ബന്ധപ്പെട്ട് ആർബിഐ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി. ഒക്‌ടോബർ 3ന് മുൻപായി പ്രതികരണം ശേഖരിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.
പേയ്മെന്‍റ് സംവിധാനങ്ങളിലെ ചാർജുകളെ സംബന്ധിച്ചുള്ള 40 ചോദ്യങ്ങൾക്കാണ് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നത്. പേയ്‌മെന്‍റ് സംവിധാനങ്ങളിൽ ഈടാക്കുന്ന സർവീസ് ചാർജുമായി ബന്ധപ്പെട്ട് സമഗ്രമായ അവലോകനം നടത്തുന്നതിന് ഇത് സഹായകരമാകുമെന്ന് ആർബിഐ പറഞ്ഞു.
ഡിജിറ്റൽ പണമിടപാടുകൾ നടത്താത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഇന്നില്ല. പെട്ടി കടകൾ മുതൽ മാളുകളിൽ വരെ ഇന്ന് ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനം ലഭ്യമാണ്. സാധാരണക്കാർക്ക് വരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന യൂസർ ഇന്‍റർഫേസ് ആണ് ഇതിന്‍റെ പ്രത്യേകത.
രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യുപിഐ പേയ്മെന്‍റ് സംവിധാനമാണ്. എന്നാൽ ഉയർന്നതും സുതാര്യമല്ലാത്തതുമായ ചാർജുകളെക്കുറിച്ചാണ് ഉപയോക്താക്കളുടെ പരാതികൾ ഏറെയും. പേയ്മെന്‍റ് സേവനങ്ങൾക്കുള്ള സർവീസ് ചാർജുകൾ ഉപയോക്താക്കൾക്ക് താങ്ങാനാകുന്നതും, എന്നാൽ സേവന ദാതാക്കൾക്ക് മികച്ച വരുമാനം നൽകാനുമാണ് ആർബിഐ ലക്ഷ്യമിടുന്നത്.
ഇമ്മിഡിയറ്റ് പേമെന്‍റ് സർവീസ് (IMPS), നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (NEFT), റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്‍റ് സിസ്‌റ്റം (RTGS), യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (UPI) എന്നിവയാണ് പ്രധാന പേയ്മെന്‍റ് സംവിധാനങ്ങൾ. ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, പ്രീപെയ്‌ഡ് പേയ്മെന്‍റ് (പിപിഐകൾ) എന്നിവ ഉപയോഗിച്ചുള്ള പണമിടപാടുകളും ഇതിൽ ഉൾപ്പെടും. ഒരു ഡിജിറ്റൽ ഇടപാട് സുഗമമാക്കുന്നതിന് ഗുണഭോക്താക്കൾക്ക് മേൽ പേയ്മെന്‍റ് സേവന ദാതാക്കൾ (പിഎസ്‌പി ) ചുമത്തുന്ന ചെലവുകളാണ് സർവീസ് ചാർജ് .
വിവിധ പണമിടപാട് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളിൽ മാറ്റം വേണമെന്ന് നിർദേശിക്കുന്ന ഡിസ്‌കഷൻ പേപ്പർ ആർബിഐ ഇന്നലെ (17-8-2022) പുറത്തിറക്കിയിരുന്നു. പേയ്‌മെന്‍റ് സംവിധാനത്തിനനുസരിച്ച് ചാർജുകൾ സാധാരണയായി വ്യാപാരിയിൽ നിന്നോ ഗുണഭോക്താക്കളിൽ നിന്നോ ആണ് ഈടാക്കുന്നത്. ഒരു ഫണ്ട് ട്രാൻസ്‌ഫർ പേയ്‌മെന്‍റ് സംവിധാനത്തിൽ, ഉപയോക്താവിൽ നിന്നാണ് സർവീസ് ചാർജ് ഈടാക്കുന്നത്. എന്നാൽ മെർച്ചന്‍റ് പേയ്മെന്‍റ് സംവിധാനത്തിൽ, പണമിടപാട് നടന്നാൽ വ്യാപാരിയിൽ നിന്നാണ് ചാർജുകൾ ഈടാക്കുന്നത്. ഇത് വ്യാപാരിക്ക് വലിയ നഷ്‌ടമാണ് വരുത്തുന്നത്. ഇത്തരം കാര്യങ്ങളിൽ പുനരേകീകരണം നടത്താനാണ് ആർബിഐയുടെ നീക്കം.