ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഛത്തീസ്ഖണ്ഡിലെ പാര്‍സ ഈസ്റ്റ് ആന്‍ഡ് കണ്ട ബാസന്‍ ബ്ലോക്ക് ഖനിയില്‍ ഖനനം മുടങ്ങിയിട്ട് ഒരു മാസത്തേളമായി. ഇത് കാരണം കാപ്റ്റീവ് ഖനികളില്‍ നിന്നുള്ള കല്‍ക്കരി ഉല്‍പ്പാദന ലക്ഷ്യം കൈവരിക്കാന്‍ ഈ വര്‍ഷം സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ കമ്പനികള്‍ അവരുടെ ആവശ്യത്തിന് വേണ്ടി ഖനനം ചെയ്യുന്ന ഖനികളെയാണ് കാപ്റ്റീവ് ഖനികള്‍ എന്ന് പറയുന്നത്. ഈ ഖനികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ധാതുക്കള്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ പാടില്ല.
അദാനി ഗ്രൂപ്പ് നടത്തുന്ന ഈ ഖനി ഒരു വര്‍ഷം 15 ദശലക്ഷം ടണ്‍ കല്‍ക്കരി ഖനനം ചെയ്യാന്‍ കഴിയുന്നതാണ്. ഈ ഖനി നടത്തുന്നത് അദാനി ഗ്രൂപ്പാണെങ്കിലും ഇതിന്‍റെ ഉടമസ്ഥര്‍ രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗമാണ്. ഈ ഖനിയുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഓഗസ്റ്റ് മുതല്‍ ഇവിടെ നിന്ന് ഖനനം നിന്നത്.
കാപ്‌റ്റീവ് ഖനികളില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 130 ദശലക്ഷം കല്‍ക്കരി ഉല്‍പ്പാദിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ രാജ്യത്തെ വാണിജ്യ ഖനികളില്‍ നിന്നുള്ള ഖനനത്തില്‍ വലിയ പുരോഗതിയാണ് ഈ വര്‍ഷം കൈവരിച്ചതെന്ന് കല്‍ക്കരി മന്ത്രാലയം അറിയിച്ചു. 2023 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ കാപ്‌റ്റീവ് ഖനികളില്‍ നിന്നും വാണിജ്യ ഖനികളില്‍ നിന്നുമുള്ള കല്‍ക്കരിയുടെ ഖനനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 57.74 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായെന്ന് കല്‍ക്കരി മന്ത്രാലയം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കല്‍ക്കരി ഖനനത്തില്‍ വളര്‍ച്ച: 2023 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 43.93 ദശലക്ഷം ടണ്ണായാണ് കല്‍ക്കരി ഉല്‍പ്പാദനം വര്‍ധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ രാജ്യത്തെ കല്‍ക്കരി ഉല്‍പ്പാദനം 27.85 ദശലക്ഷം ടണ്ണായിരുന്നു. ഈ സാമ്പത്തിക വര്‍ഷം രണ്ട് ഖനികള്‍ കൂടി രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
ഇവ 2.36 ദശലക്ഷം ടണ്‍ കല്‍ക്കരി ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലഘട്ടത്തില്‍ ഉല്‍പ്പാദിപ്പിച്ചു. 11കല്‍ക്കരി ഖനികള്‍ കൂടി രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കും. രാജ്യത്തെ കല്‍ക്കരി ആവശ്യകത നിറവേറ്റുന്നതില്‍ ഇവ കാര്യമായ പങ്ക് വഹിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം വ്യക്തമാക്കി.
കല്‍ക്കരി ഉല്‍പ്പാദനത്തില്‍ നല്ല വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതിന് ഖനികള്‍ നടത്തുന്ന കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദിച്ചു. കാപ്റ്റീവ് ഖനികളില്‍ നിന്നും വാണിജ്യ ഖനികളില്‍ നിന്നുമായി ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന 141.78 ദശലക്ഷം ടണ്‍ കല്‍ക്കരി ഖനനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശ്വാസം കല്‍ക്കരി മന്ത്രാലയം പ്രകടിപ്പിച്ചു. ഇപ്പോള്‍ ഖനനം നടക്കാത്ത കാപ്റ്റീവും വാണിജ്യവുമായ 20 ഖനികള്‍ സംബന്ധിച്ച അവലോകനവും കല്‍ക്കരി മന്ത്രാലയം നടത്തി.
ഇവയില്‍ നാല് ഖനികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ ഖനനം പുനഃരാംരഭിക്കാനുള്ള അനുമതി ലഭിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷം ഝാര്‍ഖണ്ഡില്‍ നിന്നുള്ള കാപ്റ്റീവും വാണിജ്യവുമായ ഖനികളില്‍ നിന്നുള്ള കല്‍ക്കരി ഖനനം 37.3 ദശലക്ഷം ടണ്ണായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17.72 ദശലക്ഷം ടണ്ണായിരുന്നു ഝാര്‍ഖണ്ഡില്‍ നിന്നുള്ള കല്‍ക്കരി ഉല്‍പ്പാദനം.