ന്യൂഡല്‍ഹി: ടെസ്‌ല ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിനായി നിക്ഷേപം നടത്താൻ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനാവാല. മസ്‌കിനെ ടാഗ് ചെയ്‌ത് നടത്തിയ ട്വീറ്റിലൂടെയാണ് ക്ഷണം. മസ്‌ക് നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നിക്ഷേപമാകും ഇതെന്നും അദാർ പൂനാവാല പറഞ്ഞു.
അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല പരീക്ഷണാര്‍ഥം ഇന്ത്യയില്‍ ഇറക്കുമതി ചെയ്‌ത വാഹനങ്ങൾ വിപണിയില്‍ വിജയിച്ചാൽ രാജ്യത്ത് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ ഇറക്കുമതി തീരുവ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ അധികമായതിനാല്‍ ഇത് നടന്നില്ല. കാറുകൾ വിൽക്കാൻ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് മുമ്പ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രാദേശിക നിർമ്മാണത്തിന് കേന്ദ്ര സർക്കാർ നിർബന്ധം പിടിക്കുകയായിരുന്നു.
ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറാണെങ്കിൽ പ്രശ്‌നമൊന്നുമില്ലെന്നും എന്നാൽ കമ്പനി ചൈനയിൽ നിന്ന് കാറുകൾ ഇറക്കുമതി ചെയ്യരുതെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. നിലവിൽ 40,000 യുഎസ് ഡോളറിൽ കൂടുതൽ മൂല്യമുള്ള (കോസ്റ്റ്, ഇൻഷുറൻസ്, ചരക്ക്) കാറുകൾക്ക് 100 ശതമാനവും 40,000 യുഎസ് ഡോളറിൽ താഴെയുള്ളവയ്ക്ക് 60 ശതമാനവുമാണ് ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവ.
Also Read ഇലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കി: കരാര്‍ ഒപ്പ് വച്ചത് 3.67 ലക്ഷം കോടി രൂപയ്ക്ക്