തിരുവനന്തപുരം: പത്ത് കോടി രൂപയുടെ പൂജ ബംബർ ലോട്ടറിയടിച്ചയാൾ തൻ്റെ പേരും വിവരങ്ങളും പുറത്തുവിടരുതെന്ന് ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ടു. തൃശൂരിൽ വിറ്റ ജെസി 110398 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ജേതാവ് തൻ്റെ വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന ആവശ്യം ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ടത്.
ജേതാവ് പേര് പരസ്യപ്പെടുത്തരുതെന്നാവശ്യപ്പെട്ടാൽ ലോട്ടറി വകുപ്പ് വിവരങ്ങൾ പുറത്തു വിടാറില്ല. ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാകും പേരു വിവരങ്ങൾ ഉപയോഗിക്കുക. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
2022 നവംബർ 20നായിരുന്നു പൂജ ബംപർ നറുക്കെടുപ്പ് നടന്നത്. അതേസമയം കഴിഞ്ഞ ദിവസം നറുക്കെടുത്ത 10 കോടി രൂപയുടെ ക്രിസ്‌മസ് – പുതുവത്സര ബംപറിന്‍റെ ഒന്നാം സമ്മാന ജേതാവിനെയും കണ്ടെത്താനായിട്ടില്ല. 25 കോടിയുടെ തിരുവോണം ബംബറടിച്ച ഭാഗ്യശാലി ശ്രീവരാഹം സ്വദേശി അനൂപ് നേരിട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് പൂജ ബംബർ ഭാഗ്യശാലി തൻ്റെ പേര് പരസ്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായിരുന്നു അന്ന് അനൂപിനെ തേടിയെത്തിയത്. ലോട്ടറി അടിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ് നിരവധി പേരാണ് സഹായാഭ്യർത്ഥനയുമായി അനൂപിനെ തേടിയെത്തിയത്. കേരളത്തിന് പുറമെ ചെന്നൈയിൽ നിന്നു പോലും ആളുകൾ സഹായം തേടി അനൂപിന്‍റെ വീട്ടിലെത്തി.
also read: ക്രിസ്‌മസ്-പുതുവത്സര ബംപര്‍; ഒന്നാം സമ്മാനം 16 കോടി XD 236433 എന്ന നമ്പറിന്
മൂന്നു കോടി രൂപ നൽകിയാൽ സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാമെന്നും അഭിനയിപ്പിക്കാമെന്നും പറഞ്ഞ് എത്തിയവർ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അനൂപിന് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയാത്തതിനെ തുടർന്ന് താമസം താൽക്കാലികമായി മാറേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പേര് പരസ്യപ്പെടുത്തരുതെന്ന ആവശ്യവുമായി പൂജ ബംബർ വിജയി ലോട്ടറി വകുപ്പിനെ സമീപിച്ചത്.