ന്യൂഡൽഹി: 2014-ൽ ആരംഭിച്ച പ്രധാനമന്ത്രി ജൻ-ധൻ യോജന രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ കൊണ്ടുവരുന്നതിനുള്ള ഏറ്റവും വലിയ ഉപകരണമായി മാറിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman About Jan-Dhan Scheme). 50 ലധികം സർക്കാർ പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്‌ഫർ ചെയ്യപ്പെടുന്നു. അതില്‍ പ്രധാനമന്ത്രി ജൻ-ധൻ യോജന പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൗടില്യ ഇക്കണോമിക് കോൺക്ലേവ് 2023 ന്‍റെ ഉദ്ഘാടന വേളയില്‍ മന്ത്രി വ്യക്തമാക്കി.
പദ്ധതി ആരംഭിച്ചപ്പോൾ സീറോ ബാലൻസ് അക്കൗണ്ടുകൾ ആയതിനാൽ പൊതുമേഖല ബാങ്കുകൾ സമ്മർദത്തിലാകുമെന്ന് ഒരു വിഭാഗം ആളുകൾ പരാമർശങ്ങൾ നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. എന്നിരുന്നാലും ഈ അക്കൗണ്ടുകളിൽ രണ്ട് ലക്ഷം കോടി രൂപയിലധികം ബാക്കിയുണ്ടെന്നും നിര്‍മല സീതാരാമൻ പറഞ്ഞു.
പ്രസംഗത്തിൽ കാലാവസ്ഥ ധനസഹായത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും അവർ വിശദമായി സംസാരിച്ചു. നിലവിലെ ആഗോള സാഹചര്യത്തിൽ ബഹുമുഖ വികസന ബാങ്കുകൾ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതായും മന്ത്രി പറഞ്ഞു. ആഗോള ഭീകരത ഉയർത്തുന്ന വെല്ലുവിളികളും നിര്‍മല സീതാരാമൻ ഉയർത്തിക്കാട്ടി. ഒപ്പം നിക്ഷേപ തീരുമാനങ്ങൾ എടുക്കുമ്പോൾ അത്തരം ഘടകങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കടക്കെണിയെക്കുറിച്ച് ബോധവാന്മാരാണെന്നും വരും തലമുറയ്ക്ക് ഭാരമാകാതിരിക്കാൻ ധനകാര്യ മാനേജ്മെന്‍റ് ഏറ്റെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
കരകൗശല വിദഗ്‌ധർക്കായി വിശ്വകർമ കൗശൽ സമ്മാൻ പദ്ധതി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ കേന്ദ്ര ബജറ്റിൽ പരമ്പരാഗത കരകൗശല വിദഗ്‌ധർക്കായി 'പ്രധാന്‍മന്ത്രി വിശ്വകർമ കരകൗശൽ സമ്മാൻ' പദ്ധതി. കരകൗശല ഉത്‌പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉത്‌പാദനം വർധിപ്പിക്കുകയും വിപണി വിപുലപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കരകൗശല തൊഴിലാളികൾക്കും വിദഗ്‌ധർക്കും സാമ്പത്തിക പിന്തുണ, നൈപുണ്യ വികസനം, ഡിജിറ്റൽ ഹരിത സാങ്കേതിക വിദ്യകൾ ലഭ്യമാക്കൽ, ബ്രാൻഡ് പ്രമോഷൻ, ഡിജിറ്റൽ പേയ്മെന്‍റ്, സാമൂഹിക സുരക്ഷ എന്നിവ ലഭ്യമാക്കുമെന്നും ഇത് അവരുടെ ചെറുകിട കച്ചവടം മെച്ചപ്പെടുത്തുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
എസ്‌സി, എസ്‌ടി, ഒബിസി, സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവർക്ക് ഇത് പ്രയോജനം ചെയ്യും. പരമ്പരാഗതമായി കൈകൊണ്ട് ജോലി ചെയ്യുന്ന കരകൗശല വിദഗ്‌ധര്‍ ഇന്ത്യയ്ക്ക് യുഗങ്ങളായി മഹത്വം കൊണ്ടുവരുന്നു. അവർ 'ആത്മനിർഭർ ഭാരത'ത്തിന്‍റെ യഥാർഥ ചൈതന്യത്തെ പ്രതിനിധീകരിക്കുന്നു. അവരുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്താൻ പുതിയ പദ്ധതി അവരെ പ്രാപ്‌തരാക്കും. അവയെ എംഎസ്എംഇ മൂല്യ ശൃംഖലയുമായി സംയോജിപ്പിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ മാക്രോ സാമ്പത്തിക സ്ഥിരത ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സ്‌ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന്‍റെ പ്രാധാന്യവും നിർമല സീതാരാമൻ ഊന്നിപ്പറഞ്ഞു. ദീൻദയാൽ അന്ത്യോദയ യോജന-നാഷണൽ അർബൻ ലൈവ്‌ലിഹുഡ്‌സ് മിഷന് (DAY-NULM) കീഴിൽ സ്വയം സഹായ ഗ്രൂപ്പുകളായി അണിനിരന്ന നിരവധി ഗ്രാമീണ സ്ത്രീകൾക്ക് അവരുടെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് മികച്ച സൗകര്യങ്ങൾ നൽകും.