തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് 6282 കോടിയുടെ നിക്ഷേപമുണ്ടായെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. എട്ട് മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് സംരംഭക വർഷം പദ്ധതി നേട്ടം കൈവരിച്ചു. 1,01,353 സംരംഭങ്ങളാണ് ഇതിനോടകം ആരംഭിച്ചത്.
ഇതിലൂടെ 2,20,500 പേർക്ക് തൊഴിൽ ലഭിച്ചുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൃഷി ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 17,958 പുതിയ സംരംഭങ്ങൾ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58,038 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു.
സംരംഭക വർഷ പദ്ധതിയുടെ ഭാഗമായി വനിത സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. ഇതിലൂടെ വനിത സംരംഭകർ നേതൃത്വം നൽകുന്ന 25,000ത്തിലധികം സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചു. അവശേഷിക്കുന്ന 120 ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്‍റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചുകൊണ്ടായിരിക്കും സംരംഭക വർഷം പദ്ധതി അവസാനിക്കുകയെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.