കാസർകോട് : വായ്‌പയെടുത്തും,പലിശയ്ക്ക് പണം വാങ്ങിയും പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ മടിക്കൈയിലെ കർഷകർക്ക് കാലവർഷം സമ്മാനിച്ചത് കണ്ണീർ. ഒരു ഗ്രാമത്തിന്‍റെ പ്രതീക്ഷയാകെ ദുരിതപ്പെയ്‌ത്തില്‍ ഇല്ലാതായി. ജില്ലയിൽ ഏറ്റവും കൂടുതൽ നേന്ത്രവാഴ കൃഷിയുള്ള പ്രദേശത്തെ തോട്ടങ്ങള്‍ പൂർണമായി വെള്ളത്തിൽ മുങ്ങി.
ഒരു ലക്ഷത്തിലധികം വാഴകൾ നശിച്ചതായാണ് കണക്ക്. ഒരു കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. വെള്ളക്കെട്ടിൽ നിന്ന് മൂപ്പെത്താത്ത കുലകൾ വെട്ടിയെടുത്ത് തോണിയിൽ കയറ്റിയും അരയിൽ കയറുകെട്ടി നീന്തിയുമാണ് കർഷകർ കരയിലെത്തിക്കുന്നത്. ഇതിൽ കൂമ്പിൽ നിന്ന് വിടർന്ന് തുടങ്ങിയതും ഒന്നിനും കൊള്ളാതെ ചീഞ്ഞളിഞ്ഞവയുമുണ്ട്.
വെള്ളത്തിൽ കിടന്ന് പഴുത്ത കായ ഒഴുകി അകലുമ്പോൾ വേദനയോടെ നോക്കി നിൽക്കുകയാണ് കർഷകർ. മടിക്കൈ പഞ്ചായത്തിൽ കൃഷി ചെയ്‌ത അറുപത് ഹെക്‌ടറിലെ ഒരു ലക്ഷത്തിലധികം വാഴകൾ നശിച്ചു. തിട്ടപ്പെടുത്താത്ത ഇതര നഷ്‌ടങ്ങൾ വേറെയുമുണ്ട്.
കഴിഞ്ഞ ഒരാഴ്‌ചയായി പെരുമഴയായിരുന്നു ഇവിടെ. മടിക്കൈയിൽ കക്കാട്ട്, കീക്കാംകോട്ട്, മണക്കടവ്, ചാർത്താങ്കാൽ, മടിക്കൈ വയൽ, കുണ്ടേന, കളത്തുംകാൽ, കണിച്ചിറ തുടങ്ങിയ എല്ലാ ഭാഗത്തും വ്യാപകമായ നാശമുണ്ട്. കഴിഞ്ഞ സീസണിൽ മൂന്ന് കോടിയുടെ വിറ്റുവരവാണ് ഇവിടെ ഉണ്ടായത്. മൂപ്പെത്താത്ത വാഴക്കുലകളായതിനാൽ മാർക്കറ്റിൽ എത്തിച്ചാലും വില കിട്ടില്ലെന്ന് കർഷകർ പറയുന്നു.
ഇത് മൂന്നാം തരമായേ കണക്കാക്കപ്പെടുകയുള്ളൂ. പ്രതീക്ഷകളവസാനിച്ച പ്രദേശത്തെ കർഷകരെ കാത്തിരിക്കുന്നത് വലിയ കടക്കെണിയാണ്. നട്ടുവളർത്തിയെടുത്തതെല്ലാം കാലവർഷക്കെടുതിയില്‍ നശിച്ചതോടെ നിസഹായരായി നിൽക്കുന്ന കർഷകരും കണ്ണീർപാടവും കരളലിയിക്കുന്നതാണ്.