ന്യൂഡൽഹി: നിക്ഷേപകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ലൈഫ് ഇൻഷുറൻസ് കോർപറേഷന്‍റെ (എൽ.ഐ.സി) പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) മെയ് നാലിന് ആരംഭിക്കും. ദേശീയ വാര്‍ത്താഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
എൽ.ഐ.സിയിൽ കേന്ദ്രസർക്കാരിനുള്ള അഞ്ച് ശതമാനം ഓഹരി വിൽക്കാനുള്ള തീരുമാനം 3.5 ശതമാനമായി കുറച്ചു. 21,000 കോടി രൂപയുടേതാണ് ഐ.പി.ഒ. റഷ്യ–യുക്രൈൻ യുദ്ധപശ്ചാത്തലത്തിലാണ് പ്രഥമ ഓഹരി വിൽപനയുടെ വലിപ്പം വെട്ടിക്കുറച്ചുകൊണ്ടുള്ള തീരുമാനം വന്നത്. മെയ് ഒന്‍പതിനാണ് ഐ.പി.ഒ ക്ളോസ് ചെയ്യുക.
ആറ് ലക്ഷം കോടി രൂപയാണ് എൽ.ഐ.സിയുടെ മൂല്യം. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനത്തില്‍ ഓഹരി വിപണിയില്‍ എൽ.ഐ.സിയെ ലിസ്റ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും റഷ്യ-യുക്രൈന്‍ പശ്ചാത്തലത്തില്‍ വൈകിപ്പിക്കുകയായിരുന്നു.
വിപണിയിൽ പ്രതികൂലസ്ഥിതി തുടരുന്നതിനാൽ പ്രാഥമിക വില്പന 55,000–-60,000 കോടിയിൽനിന്ന് 21,000 കോടിയായി വെട്ടിക്കുറയ്‌ക്കും. വില്പനയോട് വിപണി മെച്ചപ്പെട്ട രീതിയിൽ പ്രതികരിച്ചാൽ 9000 കോടി രൂപയുടെ ഓഹരികൂടി വിറ്റഴിക്കും.