കോട്ടയം: ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വൈദ്യുതി ഉത്‌പാദനത്തിൽ 363.5 മെഗാവാട്ടിന്‍റെ വർധയുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി. ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ജില്ലയിൽ നിർമിച്ച മൂന്ന് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെയും, 51 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളുടെയും ജില്ലാതല ഉദ്‌ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എല്ലാ നിയോജക മണ്ഡലങ്ങളിലും ചാർജിങ് സ്റ്റേഷനുകൾ വരുന്നതോടെ വൈദ്യുതി വാഹനങ്ങളുടെ ഉപയോഗത്തിൽ വർധനവുണ്ടാകുമെന്നും, പരിസ്ഥിതി മലിനീകരണം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾക്കായി ഫണ്ട് അനുവദിച്ച ഗതാഗത വകുപ്പിന് മന്ത്രി നന്ദി അറിയിച്ചു.
ശാസ്‌ത്രി റോഡിന് സമീപം ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ നാട മുറിച്ച് ഉദ്‌ഘാടനം ചെയ്യുകയും, വാഹനം റീചാർജ് ചെയ്യുകയും ചെയ്‌തു. ഗാന്ധി നഗർ, പള്ളം ടി.എം.ആർ എന്നിവിടങ്ങളിലാണ് മറ്റ് ചാർജിങ് സ്റ്റേഷനുകൾ. നഗരത്തിലും സമീപ പ്രദേശങ്ങളിലും നിർമിച്ച വൈദ്യുത ചാർജിങ് നിലയങ്ങൾ വൈദ്യുത വാഹന ഉപയോഗത്തിൽ പുത്തൻ ഉണർവേകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ പറഞ്ഞു.
സെന്‍റ് ജോസഫ് കത്തീഡ്രൽ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ കൗൺസിലർ സിൻസി പാറയിൽ അധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ പാർട്ടി നേതാക്കളായ ബി. ശശികുമാർ, ടി.സി. ബിനോയ്, രാജീവ് നെല്ലിക്കുന്നേൽ എന്നിവർ പങ്കെടുത്തു.