ന്യൂഡൽഹി: തങ്ങളുടെ ആദ്യ ഇലക്‌ട്രിക് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യ. 59.95 ലക്ഷം രൂപ എക്‌സ്-ഷോറൂം വില വരുന്ന ഇവി6(EV6) ഇലക്‌ട്രിക് കാർ ആണ് കിയ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയത്.
ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന്‍റെ ഇലക്‌ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമായ E-GMP ആർക്കിടെക്‌ചറിനെ അടിസ്ഥാനമാക്കിയാണ് കിയ ഇവി6 ഇലക്ട്രിക് കാറിനെ രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇവി 77.4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിൽ മാത്രമേ വാഹനം ലഭ്യമാകൂ. ഇത് പരമാവധി 528 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ പ്രാപ്‌തമായിരിക്കുമെന്നും കിയ അവകാശപ്പെടുന്നു.
കാർ ജിടി ലൈൻ, ജിടി ലൈൻ AWD എന്നിങ്ങനെ രണ്ട് മോഡലുകളിൽ ലഭ്യമാകും. ഇവയ്ക്ക് യഥാക്രമം 59.95 ലക്ഷം, 64.95 ലക്ഷം എന്നിങ്ങനെയാണ് വില.
EV6 ഇലക്ട്രിക് ചാർജ് ചെയ്യാൻ 350 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നതിലൂടെ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10 മുതൽ 80 ശതമാനം വരെ എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. അതേസമയം 50kW ഫാസ്റ്റ് ചാർജർ വഴിയാണെങ്കിൽ ഇവി മോഡൽ പൂർണമായി ചാർജാവാൻ ഏകദേശം 73 മിനിറ്റ് സമയം എടുക്കും. അൾട്രാ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നതാണ് EV6 ഇവിയുടെ ബാറ്ററി.
കമ്പനിയുടെ മാതൃസ്ഥാപനമായ കിയ കോർപറേഷൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 22.22 ബില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തിന്‍റെ ഒരു ഭാഗം ഇന്ത്യയിൽ വിൽക്കുന്ന ഉത്‌പന്നങ്ങൾ വികസിപ്പിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കും.
വാഹനം പൂർണമായും വിദേശത്ത് നിർമിച്ചാണ് ഇന്ത്യയിലെത്തുന്നത്. 2025ഓടെ വാഹനം ഇന്ത്യയിൽ നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് കിയ ഇന്ത്യ മാനേജിങ് ഡയറക്‌ടറും സിഇഒയുമായ തേ-ജിൻ പാർക്ക് പറഞ്ഞു. മാസ് മാർക്കറ്റ്, പ്രീമിയം സെഗ്‌മെന്‍റുകൾ എന്നിവയ്ക്കായി വിവിധ ബോഡി മാതൃകകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുവെന്നും പാർക്ക് പറഞ്ഞു.