തിരുവനന്തപുരം: സംസ്ഥാനത്തെ 26 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലെന്ന് വ്യവസായ മന്ത്രി പി രാജീവ്. കഴിഞ്ഞ വർഷം 16 പൊതുമേഖല സ്ഥാപനങ്ങളായിരുന്നു ലാഭത്തിൽ. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിലും മികച്ച മുന്നേറ്റമാണ് കേരളം കാഴ്‌ചവെച്ചത്.
28-ാം സ്ഥാനത്തായിരുന്ന കേരളം പതിനഞ്ചാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. സംരംഭകരുടെ പ്രതികരണം അടിസ്ഥാനമാക്കിയുള്ള പട്ടികയിലാണ് ഈ നേട്ടം. സ്‌റ്റാർട്ടപ്പുകളുടെ കാര്യത്തിൽ ദേശീയ റാങ്കിങ്ങിൽ കഴിഞ്ഞ മൂന്ന് വർഷമായി കേരളം ഒന്നാമതാണ്. സംരംഭകരിൽ ഇത് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളിൽ സ്വകാര്യമൂലധനം അനുവദിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഭരണഘടന ലംഘനമാണെന്നും, ഇത്തരം നീക്കത്തോടുള്ള എതിർപ്പ് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയുടെ അസംസ്‌കൃത വസ്‌തുവായ ഇൽമനൈറ്റിന്‍റെ ലഭ്യത സംബന്ധിച്ച് വി.കെ പ്രശാന്ത് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഭരണഘടനാപരമായി ഇൽമനൈറ്റ് പോലുള്ള ധാതുക്കളുടെ ഉടമസ്ഥത അവകാശം സംസ്ഥാനങ്ങൾക്കാണ്. ഇതിൽ കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റങ്ങളാണ് നിലവിലെ സർക്കുലറിൽ ഉണ്ടാവുക. ഇതുമൂലം ടൈറ്റാനിയത്തിന് അസംസ്‌കൃത വസ്‌തു ലഭിക്കാത്ത സാഹചര്യം ഉണ്ടാകും.
പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉപയോഗശൂന്യമായ ഏക്കർ കണക്കിന് ഭൂമിയുണ്ട്. കിൻഫ്രയുടെ റിപ്പോർട്ട് അനുസരിച്ച് 361.42 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഇതിൽ 40 ഏക്കർ പുതിയ സംരംഭങ്ങൾക്ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.