മുംബൈ : നാല് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടം. ബോംബെ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ് 600 പോയിന്‍റ് വര്‍ധിച്ചു. സൂചികയിലെ പ്രധാനപ്പെട്ട റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ അടക്കമുള്ള ഓഹരികള്‍ക്ക് വലിയ ആവശ്യകതയാണ്(demand) ഉണ്ടായത്.
ആഗോള ഓഹരിവിപണികളിലുണ്ടായ ഉണര്‍വിന്‍റെ ചുവടുപിടിച്ചാണ് ഇന്ന്(16.06.2022) വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ ഇന്ത്യന്‍ ഓഹരിവിപണിയിലും നേട്ടമുണ്ടായത്. സെന്‍സെക്‌സ് സൂചിക 601.11 പോയിന്‍റ് വര്‍ധിച്ച് 53,142.50ല്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ എത്തി. ദേശീയ ഓഹരി വിപണിയുടെ സൂചികയായ നിഫ്‌റ്റി 171 പോയിന്‍റുകള്‍ വര്‍ധിച്ച് 15,863.15ലെത്തി.
റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, മാരുതി, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി, എസ്‌ബിഐ എന്നിവയാണ് സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം പവര്‍ഗ്രിഡ്, ഭാരതി എയര്‍ടെല്‍, നെസ്‌റ്റ്‌ലെ എന്നീ ഓഹരികള്‍ നഷ്‌ടത്തിലാണ് വ്യാപാരം നടത്തിയത്. ഏഷ്യയിലെ പ്രധാനപ്പെട്ട ഓഹരി വിപണികളായ ടോക്കിയോ, സിയൂള്‍, ഷാങ്‌ഹായി എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അതേസമയം ഹോങ്കോങ് ഓഹരി വിപണി നാമമാത്രമായ നഷ്‌ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസിലെ ഓഹരിവിപണികള്‍ ബുധനാഴ്‌ചയിലെ(15.06.2022) ഓവര്‍നൈറ്റ് സെഷനില്‍ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. കറന്‍സി വിപണി അടച്ചതിന് ശേഷമുള്ള ഓഹരിവിപണികളിലെ അവധി വ്യാപാരമാണ് ഓവര്‍നെറ്റ് സെഷന്‍.
പ്രതീക്ഷിക്കപ്പെട്ടത് പോലെ തന്നെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ 0.75 ശതമാനം വര്‍ധനവ് വരുത്തിയത് വിപണിയില്‍ സ്ഥിരത കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില നിലവാരങ്ങളില്‍ ഒന്നായ WTI(West Texas Intermediate) ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവും ഓഹരി നിക്ഷേപകരില്‍ ആത്‌മവിശ്വാസം വളര്‍ത്തുമെന്ന് മെഹത്ത ഇക്യുറ്റീസ് വൈസ്‌പ്രസിഡന്‍റ്(റിസര്‍ച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ അവരുടെ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചത് ഇന്ത്യന്‍ ഓഹരിവിപണിയില്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. ബുധനാഴ്‌ച(15.06.2022) സെന്‍സെക്‌സ് 152.18 പോയിന്‍റുകള്‍(0.29ശതമാനം) ഇടിഞ്ഞ് 52,541.39ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റി ബുധനാഴ്‌ച വ്യാപാരം അവസാനിപ്പിച്ചത് 39.95 പോയിന്‍റുകള്‍(0.25ശതമാനം) ഇടിഞ്ഞ് 15,692.15ലുമാണ്.
അതേസമയം അസംസ്‌കൃത എണ്ണയുടെ പ്രധാനപ്പെട്ട അന്താരാഷ്‌ട്ര വിലനിലവാരമായ ബ്രന്‍റ് ക്രൂഡ് ഓയില്‍ വില 0.68 ശതമാനം വര്‍ധിച്ച് ബാരലിന് 119.32 യുഎസ് ഡോളറായി. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍( Foreign institutional investors) ഇന്ത്യന്‍ ഓഹരിവിപണിയില്‍ അറ്റ വില്‍പ്പനക്കാരായി തുടര്‍ന്നു. 3,531.15 കോടി രൂപയുടെ ഓഹരികളാണ് അവര്‍ ബുധനാഴ്‌ച വിറ്റഴിച്ചത്.