ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗരോർജ ശേഷി വര്‍ധിച്ചതായി അറിയിച്ച് കേന്ദ്ര വൈദ്യുതി മന്ത്രി ആര്‍.കെ സിങ്. ഇന്ത്യയിലെ സൗരോര്‍ജ ശേഷി 2019 മാര്‍ച്ചിലെ 28,180 മെഗാവാട്ടില്‍ നിന്ന് 2021-22 അവസാനത്തോടെ 53,996 മെഗാവാട്ടായി വർധിച്ചതായി പാര്‍ലമെന്‍റിലാണ് അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ സൗരോര്‍ജ ശേഷി ഏകദേശം 91 ശതമാനം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സൗരോര്‍ജ ശേഷി 2019-20 കാലയളവില്‍ 34,627 മെഗാ വാട്ടും, 2020-21 കാലയളവില്‍ 40,085 മെഗാ വാട്ടും, 2021-22 കാലയളവില്‍ 53,996 മെഗാ വാട്ടുമായിരുന്നു. 2030ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്ന് 500 ജിഗാവാട്ട് സ്ഥാപിത ശേഷി കൈവരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഗ്ലാസ്‌ഗോയില്‍ നടന്ന 26 ാമത് അന്താരാഷ്‌ട്ര കാലാവസ്ഥ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമനുസരിച്ചാണ് ഇത് ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജ്യത്തുടനീളം സോളാർ ശേഷി വർധിപ്പിക്കുന്നതിന് സർക്കാർ എന്തെങ്കിലും ലക്ഷ്യം വച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വൈദ്യുതി മന്ത്രിയുടെ മറുപടി.